എല്ലാം വിശ്വാസം
വിശ്വപ്രപഞ്ചക്കോണിലായി,
വിശ്വാസ പൂമരം പൂവിടുന്നു.
തായ്‌ത്തടിയില്ല, തളിരുകളും.
നീണ്ട വിഹായസ്സിൽ തളിർലതയും.
ചാഞ്ഞു ചരിഞ്ഞാടും തൂവലലയിൽ,
വാക്കുകൾ ചേർത്ത് മിനുക്കി വച്ചാൽ,
പുതിയ വിശ്വാസപ്പുകച്ചുരുളിൽ,
മന്വന്തരങ്ങൾ ഒടുങ്ങിവീഴും.!
കുശാഗ്ര ബുദ്ധികൾ നീർനുണയും,
വേദ പ്രമാണങ്ങൾ കണ്‍മിഴിക്കും,
വിശ്വാസ പൂമരം പൂത്തുലയും,
ചാഞ്ഞു ചരിഞ്ഞാടും മനസ്സുകളിൽ.
മന്ത്ര പിശാചുക്കൾ ചുഴിഞ്ഞിറങ്ങും,
പേക്കാറ്റ് പോലെ പറന്നണയും.
ഇരുമ്പു മറയില്ല ,കോട്ടകളും,
ശാസ്ത്ര സായകം ഒന്നുമില്ല.
കണ്ണിൽ തറക്കുന്ന തീക്കനലും,
വഴിതെറ്റിയൊന്നു തിരിഞ്ഞു മാറാൻ,
മന്ത്ര പൂജാദികൾ ചെയ്തീടുന്നു.
കൂടെ പൊറുക്കുവാൻ, ജാതിക്കല്ലും,
വിവിധ മുഖമുള്ള രുദ്രാക്ഷവും,
ആവഹനം ചെയ്തൊരു യന്ദ്രങ്ങളും,
മനസ്സിന്റെ ഉന്മാദം തീർത്തു തരാം.
ഏതിനും മേലെ പ്രാർത്ഥിച്ചു നോക്കു,
അറിയാത്ത ദൈവവും അനുഗ്രഹിക്കും.
വിശ്വാസ പൂമരം പൂവിടട്ടെ...!!
വിശ്വപ്രപഞ്ചത്തിൻ കണ്ണാടിയായ്.
----------ജയരാജ് --------------