പരിവേദനം
ഓണം വരുമ്പോൾ മാത്രം ഓർമ്മയുദിച്ചീടുന്നു,
അതൊക്കെ ഏറ്റുപാടുവാൻ നാലാൾ കൂട്ടങ്ങളും.
ഓണം കഴിഞ്ഞാൽ പൂർണ സുഷുപ്തിയിൽ മറയുന്നു,
ആരാർക്കും വേണ്ടാത്ത ഒരു പൂവായി മാത്രം കഴിയുന്നു.
എന്നെ ഉപമിക്കാൻ ചോറ് മുതൽ ദന്തനിര വരെ.
ഉപയോഗിക്കുന്നു, നിരന്തരം കാലാന്തരങ്ങളിൽ,
സദയം ക്ഷമിക്കുക, ഒരാൾപോലും ഓർക്കാതെ,
വഴിമാറുന്നു, വേരറ്റു പോകുന്നെൻ പുതുതലമുറകൾ.
പണ്ടൊക്കെ നിങ്ങൾ തൻ കുഞ്ഞുമക്കൾ,
അത്തം പിറന്നാൽ ഇറങ്ങുമല്ലോ തൊടികളിൽ,
വള്ളി പടർപ്പുകളിൽ ,ഒരു പൂവിന്റെ ഞെട്ടറുക്കാൻ,
ഈ കരസ്പർശം കൊണ്ട് ധന്യരായി ഞങ്ങൾ.
ഈ തുമ്പ പൂവിൻ പരിവേദനം കാലം തെളിയിക്കട്ടെ.
അത്തം മുതൽ പത്തു നാളെങ്കിലും നാമമുണ്ടാകട്ടെ,
പിഞ്ചു മനസ്സിലൊരു ഓര്മ്മ തുടിപ്പുപോൽ,
ചെവിയോർത്തു നില്ക്കുമീ കുഞ്ഞി കാലൊച്ചകൾ .
----------------ജയരാജ്--------------------