നാണയം ഒന്നുമല്ല
പാറ്റയും ചിതലും
വാലനും കരിയുറുമ്പും
ഗൃഹനാഥയുടെ സാമ്രാജ്യം
കയ്യടക്കിയിരിക്കുന്നു
നാഥയേതോ വേറേതോ
ലോകത്തിൽ വിഹരിക്കുന്നു
നേരവും ചിന്തയും
വേലിയിൽ ഇരിക്കുന്ന
പാമ്പിനെ കുറിച്ചായിരുന്നു.
ഉത്തരം അതുവരെ താങ്ങിയ
പല്ലിയും ഉത്തരം വിട്ടു
ഉത്തരം കിട്ടാതെ
ഏതോ ചവറ്റുകൂനയിൽ
അഭയം തേടി.
പല്ലിയിപ്പോൾ പറയുന്ന
സത്യങ്ങളിൽ
വിശ്വാസ വഞ്ചനയുടെ
ഓളങ്ങളിൽ മുങ്ങിയിരുന്നു
ഇപ്പോൾ ഉത്തരം
എട്ടുകാലിയുടെ വലക്കുള്ളിലാണ്
ഉത്തരം താങ്ങിയിരുന്ന പല്ലി
ഗൃഹനാഥയുടെ
തറ മെതിച്ചുള്ള നടപ്പ്
ഓർമ്മിച്ചു ചിരിക്കുന്നു.
ഉത്തരത്തിലുള്ളത്
കൈയെത്തി പിടിക്കുന്ന നേരത്താണ്
ഗൃഹ ഭരണം
മാറിമറിഞ്ഞത്
വായിലിരിക്കുന്ന വെള്ളിക്കരണ്ടി
മന്ത്രം ചൊല്ലി വീണതല്ല
പല്ലി സത്യം
അറിയുന്നു കാരണം
ആ പല്ലി താങ്ങിയ ഉത്തരം
ഇന്ന് പുറമെ നിന്ന് വന്ന
ചതിയന്റെ വലക്കുള്ളിലാണ്.
അവൻ രതിപൂർത്തിയിൽ
ഇണയെ തിന്ന് തീർക്കുന്നവനും.
ഗൃഹനാഥ സ്വപ്നത്തിന്റെ
അലകളിൽ സ്വർഗ്ഗം
തീർത്തിരിക്കുകയാണ്
ഒന്ന് ചീയാൻ വേണ്ടി കാത്തിരിക്കുന്ന
പുതു വേരിന്റെ
അലസതയിലും
മാർഗ്ഗം ലക്ഷ്യത്തെ
സാധുകരിക്കുന്നു
മറിച്ചല്ലായെങ്കിലും സത്യം.
പല്ലിക്കിനിയും
ഉത്തരം മടുത്തീട്ടില്ല
അർദ്ധപട്ടിണിക്കോലങ്ങൾനടപ്പാതയും
ഉത്തരം തിരികെ നൽകാൻ
മഷിപുരട്ടിയ ചൂണ്ടുവിരൽ
തൊട്ടനുഗ്രഹിക്കണം.
അശുദ്ധീകരിച്ച നടപ്പാതയും
അണുവിമുക്തി നടത്തണം
പുറത്തുകടത്തിയ
പടിവാതിലും
മലർക്കെ തുറക്കണം
ശീതീകരിച്ച പട്ടുമെത്തയിൽ
പള്ളികൊള്ളാൻ
നാഥയും ഒരുങ്ങണം.
ചവറ്റുകൂനയിൽ ഒളിച്ചിരുന്ന പല്ലി
ചിലക്കുന്നു.