കുയിൽ ഒരു ചതിയൻ
ഓട്ടക്കാശിനു ഗതികിട്ടാതെ
തമ്മിൽ കുറ്റം പറയുന്നവരെ
വെള്ളയുടുത്തു നടക്കുന്നവരോ
വെളിവില്ലാത്തൊരു മായാവികളും.
പണ്ടൊരു പൊട്ടനെ ചെട്ടി ചതിച്ചു
ചെട്ടിയെ പെണ്ണുംമ്പുള്ള ചതിച്ചു
ചതിയുടെ പാഠം കണ്ടു വളർന്ന
ചെട്ടിച്ചെക്കൻ വെള്ള പുതച്ചു.
കാശിൻ മൂല്യം കണ്ടു വളർന്നവർ
ചെട്ടിച്ചെക്കന് റീത്തുകൾ വച്ചു
റീത്തിൻ പൂക്കൾ കണ്ടൊരു നേരം
ചെക്കെന്റന്മാവൊന്നു പിടച്ചു.
ചേറും ചെളിയും ചവിട്ടി മെതിച്ചൊരു
ചെട്ടിക്കപ്പോൾ നെഞ്ചു പൊളിഞ്ഞു
ചെട്ടിച്ചെക്കനെ ചൊല്ലി വളർത്താൻ
കഴിയാതായത് വലിയൊരു ദുഃഖം.
പീതനിറത്തിന് ലാഭം കണ്ടവൻ
ചേറും ചെളിയും ഏറെ വെറുത്തു
അക്ഷരമോതി വളർത്തിയ ഗുരുവും
അക്ഷരവൈരിയെ തള്ളിയകറ്റി.
ചതിയുടെ മൂല്യം കണ്ടവനെന്ന്
തെളിവായ് കൂട്ടർ ചൊല്ലി നിരത്തി
കാക്ക കൂട്ടിൽ ജനിച്ചൊരു കുയിൽപോൽ
പാറിപ്പാടി മറന്നവൻ ചതിയൻ.