പ്രണയകാവ്യം
ഓർമ്മിച്ചു പോകുന്നു ഓമനേ നിന്റെയാ
പ്രണയം തുളുമ്പുമാ നീർമിഴികൾ
കാർത്തികത്താലമായ് നിൽക്കുമാനിന്റെയാ-
ഒളിമിന്നും പ്രഭയിലാമുഖകമലം.
ശതകോടി താരകള്‍ കണ്ണില്‍ മറയുന്ന
നിദ്രാവിഹീനമാം രജനികളും
അലയുന്ന മാരുതന്‍ അണയ്ക്കുവാന്‍ വെമ്പുന്ന
നെയ്യ്‌ത്തിരി നാളത്തെ മറച്ചുകൊണ്ട്
നിൽക്കുന്ന നീയെന്റെ പ്രണയമല്ലെ
രാഗവിലോലയാം രാധയല്ലേ.
അമ്പലം ചുറ്റി വലംവച്ചു വന്നു നീ
ആശിച്ച സൗഭാഗ്യ അർച്ചനയും
നേദിച്ച തൂവെള്ള പുഷ്പങ്ങള്‍ കണ്ടു ഞാൻ
കാർമേഘം തോൽക്കുമാ കാർകൂന്തലിൽ.
ചന്ദനം ചാർത്തിയ നെട്ടിത്തടത്തിലാ-
തീർത്ഥ കണത്തിന്റെ ചുംബനങ്ങള്‍
അറിയാതെ ഞാനെന്റെ തൂലിക തുമ്പാലെൻ
ഹൃദയത്തിന്‍ പാളിയില്‍ രചിച്ച കാവ്യം.
ഓർക്കുമോ നീയെന്റെ പ്രണയഭാവം
എന്നില്‍ നിറഞ്ഞൊരു പ്രണയകാവ്യം.