ചിറകരിഞ്ഞവർ ചിരിക്കട്ടെ---
ഞാനറിയാതെന്റെ തൂവലിന്റെയറ്റത്ത്
നേർത്തൊരു ചെഞ്ചായം തേച്ചിരുന്നു
ചെഞ്ചായമാണെന്ന നിറമറിയാതെഞാൻ
അറിയാതെയാനന്ദ നൃത്തമാടി.
കൂട്ടത്തിലാടുന്ന ലഹരിയിൽ കൂട്ടുകാർ
നിറഭേദമില്ലാത്ത കണ്ണുകളിൽ
ഒരുവേളയപ്പോഴും ചിന്തയില്ലാതെയും
പാറിപ്പറക്കുന്ന ശലഭമായി.
ഏതോ ശരത്ക്കാല സന്ധ്യയിലൊരുനാളിൽ
കൂട്ടത്തിലാടുന്ന നിമിഷത്തിലുയരുവാൻ
പാടിപ്പുകഴ്ത്തുന്ന സ്വരഗതിയിൽ
നിമിഷനേരമൊന്നു കണ്ണടച്ചു.
ഇപ്പോഴെൻചിറകിലെ ചെഞ്ചായക്കൂട്ടുകൾ
ആർക്കൊക്കെ പണയമായി നീട്ടിയിട്ടു
അടിയറവച്ചവർ ചലനങ്ങളൊക്കെയും
ഉയരുവാൻ കഴിയാത്ത ഇരുളിലാക്കി.
ഉയരും ഞാനൊരുനാളിൽ
ശാന്തമായ് ശക്തിയായി
വീഴുന്ന ശലഭത്തിൻ ചിറകുമായി
ചെങ്കതിർ ചെഞ്ചായചിറകുമായി.