പ്രാണസഖി
പാടിയുറക്കിയെൻ കവിതാശകലത്തെ,
പാഴ്ക്കിനാവിന്നടിമയായിടാതെ.
അംഗഭംഗം വന്നൊരാധുനികം,
വാവിട്ടു കരയുന്നത് കേൾക്കാമിപ്പോൾ.
പണ്ടു പഠിച്ചൊരു കവിതാ ശകലങ്ങൾ
എന്തെയെൻ മനസ്സിൽ തെളിഞ്ഞിടുന്നു.
താള നിബന്ധമാം അക്ഷരകൂട്ടുകൾ,
മനസ്സിൻ നിറത്തോടുത്തു നിൽപ്പു.
കാട്ടിലും മേട്ടിലും നഗര കൊഴുപ്പിലും,
കരയുന്ന പൈതലിൻ സാന്ത്വനമായി,
സൗഹൃത സ്പർശനം ,താളം.
നീളെ ,പ്രകൃതിയൊരുക്കിയ രാഗമേളം.
അലങ്കാര വൃത്ത ഉപമേയങ്ങൾ,
ഒന്നിച്ചണിയീച്ചാൽ സുന്ദരിയായിടും.
ഓർമ്മയിൽ വറ്റാത്ത ഉമിനീരുമായി,
ഇവിടെയൊരു ഹൃദയത്തിൻ താളമേകി.
പാടി പതിഞ്ഞൊരു കാവ്യ ശകലങ്ങൾ,
ശ്വാസ നിശ്വാസ്സങ്ങളേറ്റു പാടും,
ഓർമ്മതൻ ചുരുളുകളടുക്കിപ്പെറുക്കി,
നിന്നെയീ തെന്നലിൻ സഖികളാക്കും.