അമ്മൂമ്മ ശരി
അന്നേ അമ്മൂമ്മ പറഞ്ഞതാ
ശരിക്കും ശകാരിച്ചതാ.
കല്ലുകളിക്കരുതെന്ന്
ആൺ പിള്ളേരോടും
കളം കളിക്കരുതെന്നു
പെൺപിള്ളേരോടും.
കല്ല് കളിച്ചാൽ കടം ഉണ്ടാകും
കളം കളിച്ചാൽ
സ്ഥിരതയില്ലാതാക്കും.
അമ്മൂമ്മ തന്നെ ശരി
കല്ലുകളിച്ചു നശിച്ച കുടിലുകൾ
കാണുന്നുണ്ടല്ലോ.
ഇവരാണ് കല്ലെറിഞ്ഞു
നേതാക്കളെ രക്ഷിച്ചത്
നേതാക്കൾ ഗോപുരത്തിലും
കല്ലെറിഞ്ഞവർ കുടിലിലും.
കളം വരച്ചു കല്ലിട്ടുച്ചാടി
വീണ്ടും വേറെ കളത്തിൽ ചാടി
ഇതൊക്കെ കണ്ടുനിന്ന
കുഞ്ഞു രാഷ്ട്രീയ കുഞ്ഞുങ്ങൾ
വലിയ മനുഷ്യരായപ്പോൾ
കളങ്ങൾ അങ്ങോട്ടുമിങ്ങോട്ടും
ചാടുന്നു അമ്മൂമ്മ തന്നെ ശരി.