അന്യായ ശാസ്ത്രം
പണ്ടൊക്കെ കോഴിക്കാലും കള്ളും
പിന്നെപ്പിന്നെ
ബിരിയാണിയിലേക്കു ചേക്കേറി.
കൂടെയത്
ഉശിരോടെ ദഹിപ്പിക്കാൻ
വിദേശ പൈൻറുകൾ
പോക്കറ്റിലേക്കു യാത്രക്കൂലി
കൊടുക്കുന്നവനും കിട്ടിയവനും
സമാധാനം.
ചെയ്തില്ലെങ്കിലും ചെയ്തു എന്നൊരു
തോന്നലായല്ലൊ
കാലം മാറി മൂല്യവും മാറി
ആഡംബരത്തിന്റെ വഴിയോരത്ത്
ഒരേയൊരു
തിരഞ്ഞെടുപ്പ് ക്യാഷ് മാത്രം
കൂട്ടത്തിൽ ലേശം പൊടിയൊ ഇലയൊ
മുപ്പത് ശതമാനത്തിന്റെ
തീർപ്പുകൾ വോട്ടാകുവാൻ.
അറിവുള്ളവർ ജയിച്ചു കയറി
നാളെയിതൊക്കെ ഇവരിൽ നിന്നുതന്നെ
കടുകിടതെറ്റാതെ ഈടാക്കുന്നു
പോയ "ക " വന്ന "ക" തുല്യം.
എന്നീട്ടും കർക്കിടകക്കോളിൽ
മാക്കാച്ചിത്തവളകൾ തൊണ്ടകീറുന്നു.
നിന്റെരാജ്യം വരാൻ പ്രാർത്ഥിച്ചവനും
ഭസ്മക്കുറിയണിഞ്ഞവനും
ജലപാനമില്ലാതെ നോമ്പു നോറ്റവനും
തമ്മിൽത്തല്ലി അവശരാകുമ്പോൾ
കാലം പിന്നേയും കുറിച്ചിടുന്നു.