OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

നിരാശ ഫലം

ഒറ്റക്കിരിക്കുമ്പോൾ ചിന്തകൾ 
ഒരുമിച്ചു നിരനിരയായി 
കിരീടമണിഞ്ഞു 
വാക്ധോരണിയുമായി 
അരിച്ചു കയറി 
ആധിപത്യം നേടുന്നു.

പിന്നെയത് മുറിഞ്ഞു മറക്കുന്നു 
പിന്നെയും 
കണ്ണിൽ ചെഞ്ചായം മിന്നിമറഞ്ഞ 
ഒരു ഇടിവാൾ മിന്നൽ.

അപ്പോൾ തോന്നും 
മനുഷ്യനിൽ നിന്ന് ദേവനിലേക്കുള്ള 
ദൂരം കുറയുന്നുണ്ടോ 
വെഞ്ചാമരം ആലവട്ടം വീശി 
ഒരു ഗജ വീരൻ 
എന്തേ എനിക്കായി 
കാത്ത് നിൽക്കുന്നു.

കാക്കക്കൂട്ടങ്ങൾക്കൊക്കെ അറിയാം 
അവർ ഭാഷയുടെ വൈകല്യം മറച്ചു 
തനതായി പറയുണ്ട്.
അവർക്കൊക്കെ ഏറ്റുപാടാൻ 
വർഗ്ഗ സഞ്ചാരികൾ 
വാളില്ലാതെ നിന്ന്‌ പുളക്കുന്നുണ്ട്.

ഒരു ഇനത്തിനും 
ഓർമ്മകൾ ഇല്ലാതെ 
വഴിയാധാരമാകുമ്പോൾ 
സർവ്വേക്കല്ലുകൾ വഴി കാട്ടുന്നു.

അകലെയൊരു വെളിച്ചം 
നൈരാശ്യത്തിനെ മറക്കാൻ 
ചിമ്മി ചിമ്മി കത്തുമ്പോൾ 
ഓർമ്മകളുടെ കുടന്നപ്പൂക്കൾ 
മലർന്നും കമഴ്ന്നും വീണു നിശബ്ദം 
വഴിക്കുമുടക്കാതെ 
ഒഴിഞ്ഞു നില്ക്കുന്നു.

ഇതായിരിക്കാം കാക്കകൾ 
ഏകസ്വരത്തിൽ ഏറ്റുപാടിയ 
കോടികളുടെ നിധികൾ സൂക്ഷിക്കുന്ന 
ചിതൽ പുറ്റുകൾ.

നാഥനില്ലാത്ത കിടക്കുന്നത് 
കറുത്ത കാവതിക്കാക്കകൾക്കറിയാം
അപ്പോൾ തന്നെ ആ വഴിയുടെയും 
മാഞ്ഞരൂപം തെളിഞ്ഞു.
ഗുരുത്വമില്ലാത്ത സ്വരൂപം 
ഞാൻ വിടവാങ്ങുന്നു.

എല്ലാ നിരാശയും ചേർത്തുവച്ച 
പടുകോണിയിൽ 
കൈപ്പിടി തിരയുമ്പോൾ 
കാലുവെക്കാനും ഇടമില്ലാതെ 
മേഘ കുഞ്ഞുങ്ങൾ 
കൈത്തണ്ടയിൽ മുറുകെ പിടിക്കുന്നു.

വെള്ളിനിറമുള്ള കതിർക്കുലകൾ 
തൊട്ടു താഴെ 
അപ്പോൾ കറുത്ത കാക്കകൾ 
നിറംമാറി സ്വർണ്ണ ചിറകുമായി 
സംസാരിക്കാനെത്തുന്നു 
ഈ ഭാഷ എനിക്കറിയാം 
ഇപ്പോഴത്തെ ഞാനൊറ്റക്കല്ല
എല്ലാ വാദ്യ ആഘോഷവും തുടരുന്നു.