OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

പാഞ്ചജന്യമില്ലാതെ

ചെളിയിൽ വളരുന്ന വസ്തു 
വളരാൻ ചെളിത്തന്നെ വേണം 
ഈ പാറപ്പുറത്ത് ആരാണ് 
ചെളികൊണ്ടിട്ടത്.
വസ്തു വളർത്താൻ 
കൃമികീടത്തിൽ നിന്ന് 
നുണകളുടെ ചക്രവ്യൂഹം 
ഉണ്ടാക്കിയത്.

ആശ്വാസമാകേണ്ട വിശ്വാസം 
കഴുതകളുടെ ചുമലിൽ വച്ചു 
കാരസ്കരം ഉമിനീരിലാക്കി 
രുചിക്കാൻ പറഞ്ഞത്.

മകരത്തിൽ പൊട്ടിച്ചു 
ഉത്സവനാളിൽ കളിപ്പാവ വാങ്ങുവാൻ 
സ്വരൂപിച്ച നാണയത്തുട്ടുകൾ 
കാശുകുടുക്കയിലെ നാണയങ്ങൾ 
പ്രളയം തീർത്ത കുത്തൊഴുക്കിൽ 
തൊണ്ട നനക്കാൻ 
ഉപകാരമായതും.
ആരുടെ ബുദ്ധിയിലുദിച്ചൊരാശയം.

ഞാന്നു കിടക്കുന്നൊരു പക്ഷിയെ 
കരുവാക്കിയിത്രയും 
ധനവ്യയം 
നാലക്ഷരമറിയാത്തോരാശാൻ 
അക്ഷൗഹിണിപ്പട നയിക്കുന്നതും 
ഇരുതല വാളിനാൽ ഗളഛേദം 
നടത്തിയക്രോശിച്ചതും 
കനകനാണയ കിലുക്കം 
മടിത്തട്ടിലവസാനിച്ചതും 
അതിബുദ്ധി തന്നെയാണ് 
അധ്യമപാണ്ഡവ.
നിനക്കും രണ്ടുതുടകളുണ്ടല്ലോ 
വരുന്നൊരു ഭീമന്മാർ 
നാളിത്രയും ചതിയഭ്യസിച്ച 
ശകുനിമാരുടെ ചതുരംഗം 
നിനക്കുനേരെയും ഇറക്കുവാൻ.
അപ്പോൾ ഇത്രയും നാൾ നേടിയ 
കനക മണിമലകളും 
പണയം വെക്കുവാൻ 
പോരാതെ വന്നാലെന്തു ചെയ്യും .