ഓന്ത് പുരാണം
പച്ചത്തിരുത്തിലേക്കെത്തിയോരോന്തിന്
അപ്പോഴേ അപ്പാടെ മഞ്ഞനിറം.
ഓന്തൊന്നു താഴുന്നു പൊങ്ങിയിരിക്കുന്നു
കണ്ണുമിഴിക്കുന്നു കൈകളിളക്കുന്നു
പിന്നെയും മാറാതെ മഞ്ഞനിറം.
അപ്പുറമിപ്പുറം കണ്ണയച്ചീടുന്ന
കുഞ്ഞോന്തിനൊക്കെയും പച്ചനിറം.
പച്ചപ്പടർപ്പിന്റെ ചേർന്ന നിറം
ഉള്ളിലിരിക്കുന്ന കുന്നായ്മ മാറ്റുക
കുഞ്ഞോന്തു കളിയാക്കി ചൊല്ലിയപ്പോൾ.
കണ്ണായം ചുറ്റിയ കണ്ണിണ പൂട്ടുന്നു
കണ്ണും മുഖമാകെ തുടച്ചിടുന്നു.
അങ്ങോട്ടുമിങ്ങോട്ടും ചാഞ്ഞു ചരിയുന്നു
നിറമൊന്നു മാറാതെ വൃദ്ധനോന്ത്.
കൈകാൽ വിറക്കുന്നാകെ പരവേശം
തന്റെ ജീവിത നാളുകൾ തീർന്നുവെന്നോ?
നിറമപ്പോൾ അപ്പപ്പോൾ
മാറാത്ത ഞാനിപ്പോൾ
ഓന്തിൻ കുലത്തിന്നപവാദമോ?
ഒന്തോന്നു ചിന്തിച്ചു
തലയൊന്നുയർന്നപ്പോൾ
റാഞ്ചിയെടുത്തൊരു
നെടുവിളിയാൻ.
കോർത്തെടുത്തോന്തിനെ
പാറി പറന്നു പോയി
ഗഗനത്തിലുയരത്തിലുയർന്നു പൊന്തി.