ചന്ദനക്കുറി
ചന്ദനം നല്ലതാണ് കൂട്ടുകാരാ
ചന്ദനത്തിന് ജാതിയും ഉണ്ടോ
നീ പറഞ്ഞ ദ്രവരൂപത്തിലുള്ള
ചന്ദനം ഹിന്ദുവിന് മാത്രമാക്കി
ആരോ അവതരിപ്പിച്ചു
അന്ന് തുടങ്ങി അത് ഹിന്ദുവായി.
നെറ്റിയിലെ ചന്ദനക്കുറി
ഒരു ആഭിജാത്യം അല്ലെ കൂട്ടുകാരാ
തൊട്ടുനോക്കു അണിഞ്ഞു നോക്കു
ഒരു തണുപ്പ് നിന്റെ ചർമ്മത്തിലൂടെ
സിരകളിലൂടെ തലയുടെയുച്ചിയിൽ
എത്തുമ്പോൾ അതിന്റെ ഗന്ധവും
നാസാരന്ധങ്ങളിലൂടെയെത്തുന്നില്ലേ.
ഞാനറിയാതെ ഞാനൊരു ഹിന്ദുവായി
ഒരു പിന്തുടർച്ച മാത്രം
അന്നുമുതൽ എന്നെയും
ചന്ദനം തൊടുവിക്കുന്നു
നിന്നെയും തൊടുവിച്ചിരുന്നു
നിന്റെ പെരുവിളിക്ക് നിലവിളക്കിന്
പ്രഭയിൽ നാവിൽ തേനും വയമ്പുമായി
ചന്ദനക്കുറിയണിഞ്ഞു
നീ കിടന്ന് ചിരിച്ചത്.
ചന്ദനത്തിന്റെ മണം ഇപ്പോഴും
ഇപ്പോൾ നീ അന്ത്യയാത്രയിലാണ്
കൊടിപുതച്ചു കുറിയണിഞ്ഞു
പട്ടടവരെ ചന്ദനം നിന്നെ പിന്തുടരുന്നു.
ചന്ദനം നല്ലതാണ് കൂട്ടുകാരേ.
നിന്റെയനുവാദമില്ലാതെ അന്നണിഞ്ഞ
നെറ്റിയിലെ ചന്ദനക്കുറി ഇപ്പോഴും.
തണുപ്പ് തന്നെ തരുന്നു.