OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

തകരകൾ പൂക്കുന്നു

തമ്പുരാൻ ഇറയത്തിരുത്തി 
ഒരില ചോറുകൊടുത്തു.
കാര്യസ്ഥൻ ചെല്ലം തള്ളിക്കൊടുത്തു 
രണ്ടു വെറ്റിലപ്പാക്ക് ചവക്കാൻ.
അപ്പോൾ കഴിഞ്ഞ കാര്യമൊക്കെ 
മറന്നു മലച്ചുപോയി.
അന്ന്‌ കമ്യുണിസ്റ്റ്കാർ 
ഓച്ഛാനിച്ചു നിന്നവനെ 
സ്വന്തം നട്ടെല്ലിൽ നിൽക്കാൻ 
പഠിപ്പിച്ചത്ത് ഞങ്ങൾ പഠിച്ചത്.

കോലോത്തെ തെങ്ങിൽ 
ദാഹജലം കൊടുക്കാതെ 
കെട്ടിയിട്ട് തല്ലിക്കൊന്ന 
മുത്തച്ഛനെയോർത്തു 
കാലം മറച്ച ഓർമ്മകൾ.

പാടത്തും പറമ്പിലും പണിത 
കൈകളിൽ തമ്പുരാന് ചാർത്താൻ 
കനകാംബരപൂമാലയേന്തി 
നിൽക്കുമ്പോളുള്ള സായൂജ്യം 
സ്വർണ്ണനിറമാർന്ന മേനിയിൽ 
അറിയാതൊന്നു തൊടാനുള്ള ഭാഗ്യം 
ചെങ്കൊടി അണികളിൽ 
തീരെ കിട്ടില്ലല്ലോ.

തമ്പുരാനൊപ്പം കാവിയണിയാൻ 
തമ്പുരാനെക്കാളും ബുദ്ധിയുള്ള 
ഞങ്ങളുടെയും മക്കളുടെയും 
ജീവിത മോക്ഷമായി കരുതുന്നു.
തമ്പുരാനും പരിവാരങ്ങളും 
മേടയിലിരുന്നാൽ മതി 
ഞങ്ങളെ കമ്മ്യുണിസ്റ്റുകാർ 
പഠിപ്പിച്ച സമരവീര്യം 
ഞങ്ങളെടുത്തടരാടട്ടെ.
ഞങ്ങൾ കറതീർന്ന ഹിന്ദുക്കൾ.