പ്രളയ പത്രം
മഴകണ്ട് പേടിച്ചു മാടത്ത പൈങ്കിളി
മാനത്തെ തുഞ്ചത്തായ് കൂടുവച്ചു
കൂടെയിരിക്കുവാൻ കൂട്ടുള്ള പെണ്ണിന്
കാറ്റിലാടുന്നൊരു സ്വപ്നക്കൂട്.
ഓലേഞ്ഞാലിക്കിളി ഇത്തിരി പൊൻകിളി
കൂടിന്റെ രൂപത്തിൽ നാരു ചുറ്റി
നാട് ചുറ്റിവന്ന ദേശാടക്കിളി
കൂടിന്റെ നെയ്ത്തിനു കൂട്ട് നിന്നു.
മാടത്ത പെണ്ണൊന്നു നാണിച്ചു നിന്നപ്പോൾ
കൂട്ടായി നിന്നവർ താളം തുള്ളി
കാറ്റൊന്നു ചുറ്റി കറങ്ങി വന്നാലുമീ
കൊട്ടാരകെട്ട് കുലുങ്ങുകില്ല.
ഓലേഞ്ഞാലിക്കിളി ദേശാടനക്കിളി
ഭാവുകങ്ങൾ നേർന്നന്നു യാത്രയായി
കൂടിനുടമസ്ഥർ ഇണകളുമന്നപ്പോൾ
ആനന്ദനൃത്തത്തിലാടി നിന്നു.
ഋതുക്കളും സ്വപ്നവും മാറിയെത്തി
മാടത്ത പെൺകിളി രണ്ടു മുട്ടയിട്ടു
ദിനരാത്രമൊരോന്നായ് കൺമിഴിച്ചു
താരാട്ടുപാടുവാൻ കിളി കൊതിച്ചു.
അന്നൊരുരാത്രിയിൽ തോരാ മഴയത്ത്
ആൺകിളി ഇരയുമായി കൂട്ടിലെത്തി
അടയിരുന്നവശതയായൊരു പെൺകിളി
പാറിപ്പറക്കുവാൻ വെമ്പൽ കൊണ്ടു.
കാറ്റിൽ കറങ്ങുന്ന തെങ്ങോല തുഞ്ചത്ത്
പെരുമഴ ചേർത്തൊരു കാറ്റിനാലെ
തലയറ്റു പോകുന്ന തെങ്ങിൻകുരുത്തോല
ചിന്നി ചിതറുന്നാക്കാഴ്ച കണ്ടു.
മുളങ്കാടിൻ തുഞ്ചത്തെ മാടത്ത കൂടപ്പോൾ
കാറ്റിന്റെ കൈകളിളകിയാടി
മിന്നലിൻ വെട്ടത്തിൽ മാടത്ത പൈങ്കിളി
മലയോളം മറിയുന്ന വെള്ളം കണ്ടു.
കുത്തി മറയുന്ന മലവെള്ളപാച്ചിലിൽ
ആർത്തു കരയുന്ന ജീവികളും
വൃക്ഷലതാതികൾ പക്ഷി മൃഗങ്ങളും
പൊങ്ങിമറയുന്ന കാഴ്ച കണ്ടു.
ഞെട്ടി വിറച്ചുകൊണ്ടാകിളിയപ്പോൾ
ആരുമായാമുട്ടകൾ ചിറകൊതുക്കി
അന്നേരം മിന്നിയ ഇടിമിന്നലിൽ
കടപുഴകുന്നൊരു വടവൃക്ഷവും.
കാറ്റൊന്നു ശക്തിയായി വീശിയപ്പോൾ
ഇല്ലി മുളംങ്കാട് ചിതറി നിന്നു
മാടത്ത പൈങ്കിളി കൂടൊന്നുലച്ചതു
ഓമനമുട്ടകൾ തട്ടിയിട്ടു.
അന്ധകാരത്തിലെ ചൊരിയുന്ന മഴയിൽ
മാടത്ത കിളികളും കണ്ണീർ തൂകി
നേരം വെളുത്തപ്പോൾ മാനം തെളിഞ്ഞപ്പോൾ
കിളികളെയാരും കണ്ടതില്ല.
അപ്പോഴും മുളയുടെ തുഞ്ചത്തൊരറ്റത്തായി
തകരാതെയാടിക്കളിക്കുന്ന കൂട്ടിൽ
ആരോരുമില്ലാത്ത കണ്ണീർ കുതിർത്തൊരു
പുല്ലിൽ മെനഞ്ഞൊരു തൊട്ടിൽ കണ്ടു.