നാരായവേരുള്ള ഓട്ടക്കാലണ
ഓട്ടക്കാലണകൾ
ചെമ്പു നിറം മാഞ്ഞവയും
മായാത്തവയും
അധികം അരികിന്
ഇടിയും ചതവും
ഏൽക്കാത്തവയും
പേരിനേറ്റവയും
മടിശീലയിൽ
പുളക്കുന്നവയും
ഒക്കെയാണ് ഉരുളുന്നത്
ഒരു കള്ളനും കാലനും
തൊടാൻ കഴിയാതെ
ഓട്ടക്കാലണ
നാടിൻറെ ശക്തിയായി
വെള്ളത്തിലെ വരപോലെ
കാണാത്ത
ശക്തിയാക്കിയിരിക്കുന്നു.
അതൊന്നു തൊടാൻ നോക്കിയവർ
ഞെട്ടിയിരിക്കുന്നു
കാഴ്ച്ചയിലെ അത്
ചെമ്പ് ആകുന്നുള്ളു
അതിരിക്കുന്നത്
സ്വർണ്ണ വജ്ര മലയുടെ
നെറുകയിലാണ്.
ഓട്ടക്കാലണ
നിരന്തരമായി
അദ്ധ്വാനിച്ചാണ്
തനിക്കിരിക്കാൻ
ഈ ഇരിപ്പിടം തീർത്തത്
എന്നുള്ള പ്രബുദ്ധ ഭാഷ്യം.
ബുദ്ധി വേർപെടുത്തിയ
ചുവപ്പുനാഗങ്ങളും
ത്രിവർണ്ണ നാഗങ്ങളും
കാവൽക്കാരാണ്.
ചുവപ്പു കണ്ണുള്ള നാഗം
സ്പർശിച്ചാൽ പോലും
എട്ടടിയെ നടക്കാൻ കഴിയു
അതിനുള്ളിൽ മരണമാണ്
ത്രിവർണ്ണ നാഗം
സാത്വീകനാണ്
നരകിപ്പിച്ചേ കൊല്ലു
ഈ ഓട്ടക്കാലണയെ
ദർശിക്കേണ്ടതില്ല
കാലം കറങ്ങി വരും
നാണയവും.