യന്ത്ര പകിടകൾ
ഇനിയൊരു ധർമ്മയുദ്ധം നടന്നേ പറ്റു.
ഒരു ആപേക്ഷിക സിദ്ധാന്തവും
പരിധികളില്ലാതെ പകച്ചു നിൽക്കുമ്പോൾ
കുരൂക്ഷേത്രം ഒരു രേഖാ ചിത്രം വരക്കുന്നു.
അതിപ്പോൾ കള്ളച്ചൂതിൽ കള്ള പകിടയിൽ
യന്ത്ര പകിടയിൽ മാന്ത്രീകകൈകൾ കളിക്കുന്നു.
ഇവിടെ കൗരവ പ്രതിനിധിയുണ്ട്
ദുര്യോധനാനുണ്ട് ദുശാസനനുമുണ്ട്
ശകുനിമാർ കുറേയേറെയുണ്ട്.
കഴിഞ്ഞ യുദ്ധത്തിൽ തോറ്റോടിയ ശകുനിയുടെ
രോമകൂപങ്ങളിലെ തോൽവിയുടെ കണങ്ങൾ
തോറ്റു പോയ യുദ്ധത്തിന് മുൻപായി
ഇറ്റുവീണ വിയർപ്പ് കണങ്ങൾ
ഇന്നത് മുന്നിൽ നിൽക്കുന്ന കോടിക്കണക്കിന്
ശകുനിമാരെ സൃഷ്ഠിച്ചിരിക്കുന്നു.
പഞ്ചപാണ്ഡവരെ വ്യാകുലപ്പെടുത്തുന്നു.
ദുശാസനൻ വസ്ത്രാക്ഷേപവും നടത്തുന്നു
മാനാഭിമാന പ്രതി പട്ടികയിൽ
ദ്രൗപതിമാർ പരശതവും ദിനംതോറും പെരുകുന്നു.
ആയുധവുമായി കാക്കിയണിഞ്ഞ
അക്ഷൗഹിണിപ്പടകൾ ഏതോ നാഥനിൽ നിന്ന്
നിർദ്ദേശമൊഴിയേറ്റു പാടുന്നു
പഞ്ചപാണ്ഡവരെല്ലാം തലകുനിച്ചിരിക്കുന്നു
ഒരു സമ്മോഹനാസ്ത്രത്തിന്റെ ചുരുളിൽ
ഒരു നാൾ മോഹവലയം വിട്ടവർ പുറത്തുവരും
അന്ന് ദുര്യോധനാ ദുശാസന ശകുനികളെ
നഖശിഖാന്തം നിങ്ങളുടെ ശരീര ധൂളികൾ
പ്രപഞ്ചത്തിനു പോലും വേണ്ടാതെ
വായുവിനുമപ്പുറം മോക്ഷം പോലും കിട്ടാതെ
ഭൂഖണ്ഡങ്ങൾ ചുറ്റിക്കൊണ്ടിരിക്കും