സ്വപ്നം ചിലപ്പോൾ
താടിയുള്ള അപ്പനെ പേടിക്കണം
അങ്ങിനെയാണ് അപ്പാപ്പൻ
അപ്പനെ വളർത്തിയത്
ആന്നും ഇന്നും കുടുംബത്തിലെ
ഒരാൾക്കും താടിയുമില്ല
എന്നീട്ടും അമ്മാമ പറയും
താടിയുള്ളപ്പനെ പേടിക്കണമെന്ന്
അപ്പാപ്പന് കാളവണ്ടിയും
എന്റെയപ്പന് ലോറിയും
വരുമാന മാർഗമായിരുന്നു
എനിക്ക് ഇത്രയും കാലം
വരുമാനം
നോക്ക് കൂലി മാത്രമായിരുന്നു
എന്റെ മോൻ എപ്പോഴും പറയും
താടിയില്ലെങ്കിലും അപ്പനെ
എല്ലാവർക്കും പേടിയാണെന്ന്.
ഇപ്പോൾ കാര്യമായ ജോലിയില്ല
തൃശ്ശൂർ ജില്ലയുടെ ആകാശം
പാട്ടത്തിനു കിട്ടുമോ
എന്ന അന്വേഷണത്തിലാണ്.
നോക്കു കൂലിയുടെ
പുതിയ മാനങ്ങൾ തേടുന്ന
BPL റേഷൻ കാർഡുകാരൻ.