മഹാദാനം
കാറ്റുള്ളപ്പൊഴല്ലെ തൂറ്റാൻ പറ്റു
നിന്റെ കൈയിലെ കാശ്
എന്റെ വരുതിയിലാക്കാൻ
എന്റെ ഗോഷ്ഠികൾ
തുറുപ്പുപോലെ ഇറക്കും.
അന്തമില്ലാത്തവൻ
കുന്തം വിഴുങ്ങിയപോലെ
നീയത് അണ്ണാക്കിലേക്കു
രസമറിഞ്ഞു കമിഴ്ത്തും
അറിയാതെയും.
പിന്നെ എന്നും നിനക്കതു വേണം
ഞാൻ വയ്ക്കോൽ തുറു പോലെ
വളർന്നു നിൽക്കുന്നു
എന്റെ കാലിന്റെ പാദത്തിന്റെ
അടിയിൽ നിത്യവും
ഓരോ പേരിൽ
ഞാൻ നിന്നെ ചവിട്ടുന്നു.
നിനക്ക് സൂര്യനെയും ചന്ദ്രനേയും
കാണിക്കാമെന്ന വാഗ്ദാനം
ഓഫർ ഇറക്കുന്നു
കാര്യം നീ തരുന്ന നക്കാപിച്ചയാണ്
എന്റെ വരുമാനം
ഓരോ പേരിലും
പേടിപ്പിച്ചും സ്നേഹിച്ചും
എന്റെ കോട്ടപ്പെട്ടി
നിറക്കുന്നു.
നിനക്ക് ശ്വസിക്കാനുള്ള വായു
ഞാനെത്തിക്കും
എന്റെ കിങ്കരവർഗ്ഗം
നിന്നെ പിഴിഞ്ഞ് തീർന്നു
വായു ബന്ധമാകുമ്പോൾ
ഞാൻ വരും.
അനന്ത വിഹായസ്സിൽ നിന്ന്
ഭൂമിയിൽ ഉള്ള
ഞാൻ കണ്ടു കീഴടക്കിയ
ചരാചരങ്ങളിലെ
പഞ്ചവായുവുമായി
അപ്പോൾ കിളുന്തു വെണ്ടക്കായ
ആവിയിൽ ചൂടാക്കി
കാത്തിരിക്കുക.
അതെ ഞാൻ കഴിക്കു
എന്നു ഓർമ്മപ്പെടുത്തുന്നു
നിന്റെ എല്ലാ പരാതിയും തീർത്ത്
ഉണങ്ങിയ നിന്റെ കുടൽമാല
ചരിത്ര പാതക്കുള്ള
ദുസഞ്ചാര വീഥിയാക്കാം.
ആ പാതയിലൂടെ
ആയിരക്കണക്കിന് ഗോക്കളെ
ബ്രാഹ്മണന്മാർക്കു
ദാനമായി നൽകാൻ
ആട്ടി തെളിച്ചു വരാം.