മാമ്പഴക്കാലം
മാന്തളിരും മാമ്പുവും ചേർന്ന് നിൽകുമ്പോൾ
തേൻമാവ് തലയാട്ടി താളമിടുന്നു
കാറ്റുലക്കും ചില്ലകളിൽ തുള്ളിയാടുന്നു
കുഞ്ഞുകുഞ്ഞു കണ്ണിമാങ്ങ കാറ്റിലാടുന്നു
വീണ്ടുമെത്തി മധുരമായൊരു മാമ്പഴക്കാലം
ഓർമ്മകളിൽ കളിചിരിയുടെ ഉത്സവകാലം
കാറ്റുലക്കും ചില്ലകളിൽ നോക്കിയിരിപ്പു
ഒറ്റയായ് മാമ്പഴമൊന്നു താഴെ വീഴുവാൻ .
ഞാനിരിക്കുമീത്തണലിൽ കള കള ഗീതം
വിവിധ വർണ്ണ കിളികൾ പാടും സുന്ദരഗീതം
അങ്ങകലെ സ്വർണ്ണ വർണ്ണ കതിര് പാടവും
തുണയായി പൂത്തുലഞ്ഞ കണിക്കൊന്നയും.
തൻ മകളെയൂട്ടുവാനൊരു പൊൻകിളിയമ്മ
ചില്ലകളിൽ ചേക്കേറാൻ ലാക്കുനോക്കുന്നു
നീണ്ട ദിനം പണിയെടുത്തൊരു കുഞ്ഞുറുമ്പുകൾ
കുട്ടുകാരെ തിരയുന്നു കൂട്ടിലേറുവാൻ.
എന്റെ ഗ്രാമത്തണലിലൊന്നിൽ ഞാനിരിക്കുന്നു
ഉത്സവത്തിൻ ചെണ്ടമേളം കാവടിയാട്ടം
കൈരളി തൻ മേളമോടെ കൈപിടിക്കുന്നു
ഓർമ്മയിലൊന്നൊമനിക്കാം മാമ്പഴക്കാലം.