OP Jayaraaj

Latest Poems

  • 14-12-2021

    ഇനിയും ഓർക്കുക

    Read more

  • 20-07-2021

    നയതന്ത്രം

    Read more

മനസ്സറിയാത്തവർ

എന്തൊരു ഉത്സാഹം 
ഭൂമി പൂജ കഴിഞ്ഞു 
എന്റെ ജീവിതം 
ആരംഭിക്കുന്നു 
വലിയൊരു കടലാസു കെട്ട്
നിറയെ എന്റെ ശക്തി 
ഏകോപിക്കാനുള്ള 
വരകളും കുറികളും കണക്കും 
ഒരു കൂട്ടം മനുഷ്യ ജീവികളുടെ 
വിയർപ്പു മുത്തുകൾ 
നിത്യവും ഭൂമി നനക്കുന്നു 

എന്നുമെന്നും സിമെന്റ് മിശ്രിതം 
ചെങ്കല്ലിലും കരിങ്കല്ലിലും 
ഒഴുകിയുറച്ചു 
എന്റെ യജമാനൻ നിറമുള്ള 
കാറിലെത്തുന്ന കുടുംബവും 
കറൻസികൾ കൈമാറുന്നത് 
നിത്യവുമുയർന്നു വന്ന 
ഞാനും സാക്ഷി 

ആടയാഭരങ്ങൾ നിറങ്ങളിൽ 
ഞാനൊരു സുന്ദരിയായി 
എന്റെ ചാരത്തു 
നിറയെ പൂക്കളും മരങ്ങളും 
ഏറെയാഹ്ലാദിച്ച നാളുകൾ 
പൂജകൾ മന്ത്രങ്ങൾ 
പ്രതികൂല അവസ്ഥയെല്ലാമൊഴിഞ്ഞു 
യജമാനനനും കുടുംബവും 
താമസമായി 
ഞാനവർക്ക് ശക്തിയോടെ 
സംരക്ഷണം നൽകി.

ഒരു രാത്രിയിൽ 
ഞാനറിഞ്ഞു 
എന്റെ മുഖം വരെ അടച്ചു കെട്ടി 
സ്ഥലം വിടുകയാണെന്ന്
കൂടുതലറിയാൻ 
ഉമ്മറത്തെ ചെടികളോടും 
ഉത്തരത്തിലെ പല്ലിയോടും വരെ 
ആരാഞ്ഞു 
അവർക്കൊന്നും ഉത്തരമില്ലായിരുന്നു.

മുറ്റത്തെ ചെടികളൊക്കെ 
അന്ത്യശ്വാസം വലിച്ചു 
എനിക്കും ശ്വാസം കിട്ടാതായി 
കിഴക്കു ഇടതുവശത്തും 
പിന്നീട് വലതു വശത്തും 
സൂര്യൻ പല പ്രാവശ്യം ഉദിച്ചു 
അശുദ്ധ വായു തിങ്ങി 
ഞാനും ജീർണ്ണതയിലായി

ഒരു നാൾ വലിയ യന്ത്രകൈകൾ 
എന്നെ പിച്ചിച്ചീന്തി 
ഞാനും മുല്ലവള്ളികൾ ലയിച്ച 
ഭൂമിപൂജ ചെയ്ത മണ്ണിൽ 
അലിഞ്ഞു ചേർന്നു
അപ്പോഴും ഉത്തരത്തിലെ പല്ലി
പുതിയ ഉത്തരം തേടി ഓടിയകന്നു.