ഞാൻ മനുഷ്യൻ
വെറും കളിമണ്ണിൽ
ദൈവത്തിൻ രൂപം മെനഞ്ഞെടുത്ത മനുഷ്യ
വെറും പച്ചില ചായത്തിൽ
ചായക്കൂട്ടുകൾ കൂട്ടി ദൈവത്തെ വരച്ച മനുഷ്യ
ഒരു പാഴ് മരത്തിൽ
വലിയ മരം ചേർത്ത് കുരിശാക്കിയ മനുഷ്യ
കല്ലുകൾക്കു മുഖം മൂടിയിട്ടു
പ്രതീക്ഷയുടെ പ്രദക്ഷിണം ചെയ്യുന്ന മനുഷ്യ.
നീയാദ്യം സ്വന്തമനുജനെ കൊന്നപ്പോഴും
അതിൽ നിന്ന് മുക്തി നേടാൻ
നിന്റെ ഭൂമിയെ കുമ്പിടൽ
പ്രായശ്ചിത്തം ചെയ്യൽ
നിന്റെ കുഞ്ഞു ജന്മങ്ങൾ
ഇപ്പോഴും പാടുന്നെന്നു അറിയുക മനുഷ്യ.
പത്തു നാല്പത്തൊന്നു ദിനങ്ങൾ
വ്രതം നോറ്റു കരിമലയിലൂടെ
നഗ്നപാദനായി നീയുണ്ടാക്കിയ
പതിനെട്ടു പടികൾ ചവിട്ടി
നീയുണ്ടാക്കിയ രൂപം കണ്ട്
നീയുണ്ടാക്കുന്ന അരവണയും അപ്പവും
ഭക്തിയുടെ കൊള്ളവിലയിൽ
നീ തന്നെ ഭക്തിയാൽ വാങ്ങി
നിന്റെയദ്ധ്വാനത്താൽ നീ കത്തിച്ച
മകരജ്യോതി കണ്ടു
സായൂജ്യമടയുന്ന മനുഷ്യ.
നീ തന്നെ രചിച്ച മൂന്ന് ഗ്രന്ഥങ്ങളെ
ഒരിക്കൽപോലും തൊട്ടുനോക്കാതെ
അതിന്റെ പേരിൽ പോരടിക്കുന്ന മനുഷ്യ
ഇതിലെ നന്മകൾ മാത്രം
തിരസ്കരിക്കുന്ന മനുഷ്യ.
തെളിഞ്ഞ നീരിൽ നിന്റെ മുഖം കണ്ട്
നീ തന്നെ ലജ്ജിക്കുന്നുവെന്ന് തോന്നുമ്പോൾ
നീതന്നെ സ്വയം ഈ നീരുറവയിൽ
മുങ്ങി നാട് നീങ്ങുക
ഈ കളികൾ നിർത്തി മടങ്ങുക മനുഷ്യ.