മരണ ദൂരം
എന്തോ എപ്പോഴും ഒരു മരണ ഭയം
കൊതുകു മുതൽ അജഗജമൊക്കെയും
മരണ ഭയത്തിലാണ്
അതിജീവിക്കാനാകില്ലയെങ്കിലും
ശ്രമിക്കുന്നു വൃഥാ പാരിലെ ജീവിതം.
മൂത്തു നരച്ചൊരു മിത്തശ്ശിയപ്പോഴും
ഒരു വാളൻ ഗുളികയിൽ
ദിനമാരംഭിക്കുന്നു
ഒരു തുടം കുഴമ്പിൽ
ദിനം അവസാനിപ്പിക്കുന്നു
മരണഭയം തന്നെയാധാരം.
എനിക്ക് മരണത്തെ ഭയമില്ലായെന്നു
കപട നിരീശ്വരവാദികൾ
ശയന പ്രദക്ഷിണം
മുടങ്ങാതെ നക്ഷതനാളിൽ നടത്തുന്നു
ഇവരാണ്
നാടൊട്ടുക്കുള്ള
ജ്യോതിഷ മായമാന്ത്രിക
ആൾ ദൈവ സമൂഹത്തെ
നിലനിർത്തുന്നത്.
ഞാനുമൊരു നിരീശ്വര വാദി
ശത്രുസംഹാര ഹോമങ്ങളും
ഉറുക്ക് കെട്ടും വെഞ്ചിരിപ്പും കൊണ്ട്
മരണത്തെ ഭയത്തെ ശരിക്കും
മാറ്റി നിറുത്തിയിരിക്കുന്നു.
ദൈവം ഉറക്കച്ചടവിലാണ്
വിശുദ്ധ കണ്ണീർ കാണാത്ത
വികൃതി ദാരുശില്പങ്ങൾ
പനിനീർ പ്രവാഹം
നുണഞ്ഞു കിടക്കുന്നു
മരണമെന്തെന്നറിയാത്തവർ.