ശനിയുടെ ശാപം
മേഘം തുളച്ചൊരുഞ്ഞാല് കെട്ടി
താമരയിതളുകൾ നിരത്തി
വിരിച്ചീട്ടൊന്നു വിളിച്ചു
ആടുവാൻ ആടി രസിക്കുവാൻ
ഒന്നാടിയപ്പോഴല്ലേയറിഞ്ഞത്
ഊഞ്ഞാല് മേഘത്തിലല്ല
കുങ്കുമം തേപ്പിച്ചു
കാവിയുടുപ്പിച്ച മൃതപ്രായരായ
നിരവധി ജീവനുകളുടെ
കൈകാൽ വിലങ്ങുകളിലാണ്
ഈയൂഞ്ഞാൽ തുളച്ചു
കൊളുത്തിയിരിക്കുന്നത്.
ഈയൂഞ്ഞാലാട്ടുന്നത്
കാലനെ പ്രീതിപ്പെടുത്തും
കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു
നീലനിറമാക്കി കൊല്ലുന്ന
ഇനി മരിച്ചാൽ
നരകത്തിലുമൊതുങ്ങാത്തവൻ
കുലത്തിനന്തകൻ.
നിനക്ക് നേരെയൊരു
അദൃശ്യ ശൂലം
ഉൽക്കയുടെ പ്രഹരശേഷിയോടെ
തിരുനെറ്റി ലക്ഷ്യമായി
വന്നു കൊണ്ടിരിക്കുന്നു.