പുണ്ഡരീകാക്ഷൻ നമഃ
പാവടച്ചരടിൽ തൂങ്ങി മരിച്ചൊരാത്മാവ്
കറിവേപ്പിലമുതൽ കാഞ്ഞിരക്കുരു വരെ
കാൽനഖവിരലുകൾക്കരികെ നിവേദിച്ചും
സ്വപ്നങ്ങളുടെ പുറത്തു മീസാൻങ്കല്ല്
നെഞ്ചിൽ കുത്തിയിറക്കി താഴ്ത്തി
ചോരയും നീരും പകലിരവറിയാതെ
ജനനദോഷത്താൽ കുടിച്ചിറക്കുന്നു.
ശനിയും രാഹുവുമല്ല ശുക്രൻ പിഴച്ചു
അടിമയുടെയാർത്തനാദം രാശിയുടെ
കോണിൽക്കിടന്നു പ്രതീക്ഷയുമറ്റ്
കടൽത്തിരയുടെ കയറ്റിറക്കം പോൽ
ചാഞ്ചാടി നിലക്കാതെ തുടർന്നിടുന്നു.
ഗുരുശാപമോ നിർഗുണ പാഠശാലയിലെ
ചളുങ്ങിയ ലോഹപ്പാത്രങ്ങളിലെ
കരിപുരണ്ട രൂപങ്ങളിലെ കേറ്റിറക്കങ്ങൾ
അന്നേ ആത്മാവിനെ രൂപങ്ങളിലൊതുക്കിയതും
സഹനശക്തിയുടെ അളവുകോൽ
ആകാശക്കോൽ കണക്കിൽ ഉൾക്കൊണ്ടതും
ഇന്നിപ്പോൾ കെട്ടിയൊതുങ്ങാൻ
ഈ നിസ്സഹായതയുടെ പീഠത്തിലിരിക്കുന്നതും
കളിമണ്ണുകൊണ്ടൊരു ജീവശരീരം.