അരൂപിയായ മനസ്സ്
ദൈവത്തിന്റെ വലിയ ക്രിയേഷനാണ്
മനുഷ്യൻറെ നല്ലൊരു മനസ്സ്
ഈ കംപ്യുട്ടർ
മനുഷ്യ ശരീരത്തിൽ ഫിറ്റ് ചെയ്ത നേരം
ദൈവം സ്വയം ആഹ്ളാദിച്ചു
അത് ശരിയുമായി.
ഇതിനെ വെല്ലാൻ ഇന്നേവരെ
ഒരു കംപ്യുട്ടർ ഉണ്ടായില്ല
സിസ്റ്റം ഓൺ ചെയ്യേണ്ടതില്ല
ഒന്നും ഞെക്കാതെയും
ബാഹ്യപ്രേരണയില്ലാതെയും
നിമിഷത്തിൻ്റെ അംശത്തിൽ
എത്തേണ്ടിടത്ത് എത്തുവാൻ
മനസ്സെന്ന കംപ്യുട്ടർ
ജീബിയിലോ റ്റീബിയിലോ
ഒതുങ്ങാതെ അപ്പുറത്തെ
സിസ്റ്റം മെമ്മറി ആയി നിൽക്കുന്നു
ഈ അനന്ത മെമ്മറിയിൽ
ഒരു ഐഡി കാർഡില്ലാതെ
നാം ബാല്യകാല കൂട്ടുകാരെ വരെ
മരണംവരെയോർക്കുന്നു
ഒരു പാസ്സ്‌വേർഡ് പോലും
ആവശ്യമില്ലാത്ത മെമ്മറി
ദൈവം പോലും മറന്നുപോയ
മെയിഡിൻ ദൈവം
എന്നുപോലും ആലേഖനം
ചെയ്യാത്ത ക്രിയേഷൻ.
ഇപ്പോൾ ദൈവവും
അമ്പരപ്പിലാണ്
തന്റേതെന്ന് പറഞ്ഞു
ഈ തങ്കമനസ്സുള്ളവർ
അവരവരുടെ യുക്തിക്കനുസരിച്ച്
അരൂപിയായ ദൈവത്തെ
ദിനംന്തോറും
പടച്ചു വിടുന്നത് കണ്ടു
നോക്കി നിൽക്കുകയാണ്
അരൂപിയായ ദൈവം
മാനുജ മനസ്സിന്റെ
കുതന്ത്ര സൃഷ്ടികളുടെ
പ്രവർത്തനം
പുതിയ വൈറസുകളെയുണ്ടാക്കി
ആ ബ്രഹ്‌മാണ്ഡ വൈറസുകൾ
മതവും ജാതിയുമാണെന്നു
ദൈവത്തിനു സിസ്റ്റം എറർ
കാണിച്ചപ്പോൾ മനസ്സിലായി.
ഇതു പറഞ്ഞു വെളിപ്പെടുത്താൻ
ഒരൊറ്റ മനുഷ്യനെയും
കാണാൻ പോലും കഴിഞ്ഞില്ല
അപ്പോഴേക്കും
മനുഷ്യ മനസ്സുകൾ ഒരായിരം
ദൈവരൂപങ്ങളുടെ
അടിമകളായി പരിണമിച്ചിരുന്നു.
ഓരോരുത്തർ വിശ്വാസം നേടാൻ
കൈയടക്കുകൾ പരിശീലിച്ചു
മന്ത്രങ്ങളും തന്ത്രങ്ങളും ഉണ്ടാക്കി
അവരെല്ലാം ഉറുക്ക് കെട്ടിയാൽ
കൊന്തയിട്ടാൽ തകിട് ധരിച്ചാൽ
ദൈവത്തെ സന്തോഷിപ്പിക്കാമെന്നു
ഒന്നുമറിയാത്ത ഇളം മനസ്സുകളെ
ധരിപ്പിച്ചു കഴിഞ്ഞിരുന്നു
അവരെ ആൾദൈവങ്ങളെന്നും
ഇവർക്കു കിറിനക്കികളായവർ
ദൈവങ്ങളാക്കിയും ചിത്രീകരിച്ചു
അതുറപ്പിക്കാൻ രാഷ്ട്രീയക്കോമരങ്ങൾ
നിഷ്കളങ്ക മനസ്സുകളെ താളം തെറ്റിച്ചു
മനുഷ്യൻ തമ്മിൽ സ്പർദ്ധ തുടങ്ങി.
ഇനി ദൈവം നേരിട്ട് വന്നു പറഞ്ഞാലും
സൃഷ്ടാവായ അരൂപിയായ ദൈവം
താനാണെന്ന് ആരും വിശ്വസിക്കില്ല
മനുഷ്യ മനസ്സുകളിലെ ഇടനാഴികൾ
നിറയെ വൈറസുകൾ നിറഞ്ഞിരിക്കുന്നു
ഇനി നിന്റെയുള്ളിൻറെ ഉള്ളിലുള്ള
യഥാർത്ഥമായ സ്‌നേഹം ,ദയ,സമർപ്പണം
എല്ലാം അവരേറ്റെടുത്തു നശിപ്പിച്ചിരിക്കുന്നു
ഇച്ഛാഭംഗം നേരിട്ട് ദൈവം നിൽക്കുന്നു.