നാസി മുഖം
അവിടെ തന്നെയായിരുന്നു
ഓർമ്മകൾ ഈ ബുദ്ധിയുടെ
കടുംകെട്ടിട്ട
മാംസനൂലുകളിൽ
ചോരയുടെയും ചെളിയുടെയും
വൃത്ത വ്യഞ്ജനക്ഷരങ്ങളിൽ
എവിടെയൊക്കയോ കേട്ട
മുരട്ടലുകളും
തൊണ്ടയിൽ നിറഞ്ഞ
ചൂടുള്ള ദണ്ഡുകളിൽനിന്നും
ഒലിച്ചിറങ്ങിയത്
വെറും കഞ്ഞിവെള്ളമായിരുന്നു
തുടയിടുക്കുകൾ തുടക്കുമായിരുന്നു
സ്ത്രീലിംഗവും പുല്ലിംഗവും
ഭേദമില്ല ജാതിയില്ല
നിറം ഒന്നുതന്നെ ചെളിനിറം
മരിച്ചുകിട്ടാൻ കാണാ ദൈവത്തിനെ
ജീവനറ്റ ചുണ്ടുകളിൽ
കടിച്ചു കീറിയ ചുണ്ടാൽ
ശപിച്ചു
അവിടെ തന്നെയായിരുന്നു
ഇതാ വീണ്ടും അതെ മൂലകത്തിൽ
താളുകൾ മാറിടുന്നു
ഇപ്പോഴും ആ ഓർമ്മയിൽ
നിന്ന് ശക്തിയായി പറയട്ടെ
ഇതു അത് തന്നെ
സ്ഥലവും കാലവും മാറി
നാസി തടവറകൾ
ഒപ്പിയെടുത്തു വച്ചപോലെ
നാസി കുഞ്ഞുങ്ങൾ
പിറന്നിരിക്കുന്നു
ഇനി മാനവ ജന്മം
ചവിട്ടിയരക്കും
ഒന്നുമാത്രം മാറും
നൂറ്റാണ്ടിന്റെ തൊപ്പികൾ
പറിച്ചു നടൽ
തുടങ്ങിയിരിക്കുന്നു
പ്രത്യക്ഷ നിമിത്തങ്ങൾ
വന്നിരിക്കുന്നു.