ഇ -ധനം
നെല്ല് കൊടുത്ത്
മുളക് വാങ്ങാമായിരുന്നു
അതിനു
നെല്ല് ഇല്ലല്ലോ?
മുളകുള്ളവന്
ആട്ടിൻ പാലാണ് വേണ്ടത്
അതിൽ ചേർക്കാൻ
പഞ്ചസാര എങ്ങിനെ കിട്ടും?
പഞ്ചസാര കൈവശമുള്ളവൻ
നെയ്യാണ്
പകരം ചോദിക്കുന്നത്
നെയ്യ് കൈയ്യിലുള്ളവൻ
ഉള്ളിയാണ്
ചോദിക്കുന്നു.
.
ഏറെ ബുദ്ധിയുള്ളൊരാൾ
ഒരു കൈയ്യിൽ
ഒരു ഇ-പേമെന്റ് മെഷിൻ
കൊണ്ട് പറക്കുന്നു
കാൻസൽ ചെയ്ത കറൻസി
റോക്കറ്റുണ്ടാക്കി
ഇ-പേമെന്റ് മെഷിൻ വാഹകൻ
ചുറ്റും പറത്തുന്നു.
എനിക്ക് ബുദ്ധിയില്ലെന്നു
നിനക്കറിയാം
ഇ-പേമെന്റ് മെഷിൻ
നമ്മളെ നോക്കി
കൊഞ്ഞനം കുത്തുന്നു.