എന്റെ അച്ഛൻ
ജീവിതപ്പാതയിൽ നീർത്തുള്ളി വീണൊരു
പടവുകൾ പിറകോട്ടു പോയിടുമ്പോൾ
കാലചക്രത്തിന്റെ കൈപ്പിടിയിൽ നിന്ന്
തെന്നിയകന്നൊരു കാലങ്ങളിൽ
ഓർത്തെടുക്കുന്നൊരു പുലരികൾ രാത്രികൾ
ഒന്നൊഴിയാതെയീ മനതാരിലും
ശിശുവായിരുന്നപ്പോൾ കേട്ടൊരു താളവും
ഹൃദയത്തുടിപ്പെന്നു ഞാനറിഞ്ഞു
അച്ചന്റെ നെഞ്ചിലെ ചൂടിലിഴചേർന്ന്
മയങ്ങിയുറങ്ങിയൊരന്നത്തെ നാളുകൾ
ഓർമ്മയിലെന്നുമേ മായാതെ നിൽക്കുന്ന
മധുരമായി താളമായി ഹൃദയതാളങ്ങളും
ശൈശവും വിട്ടുഞാനെത്തിയ ബാല്യവും
അച്ഛന്റെ വാത്സല്യമറിഞ്ഞൊരു നാളുകൾ
പാടവരമ്പിലും തോട്ടിന്കരയിലും അച്ഛനെ
അനുകരിച്ചാർത്തു വിളിച്ചതും
ഓടിക്കളിച്ചതും ചെളിയിൽ പതിച്ചതും
അച്ഛന്റെ കൈകളിൽ തൂങ്ങിയുയർന്നതും
ഓണത്തിനുഞ്ഞാല് കെട്ടിയതിന്മേലും
ഒറ്റയ്ക്ക് അച്ഛന്റെ മടിയിരുന്നുള്ളൊരാട്ടവും
എങ്ങിനെയെങ്ങിനെ ഇനി മറക്കും
മിന്നിത്തിളങ്ങിയൊരുല്ലാസ്സ ബാല്യവും
പറയെടുപ്പിൻന്റന്നു കോമരം തുള്ളുമ്പോൾ
പേടിച്ചരണ്ടന്നു പൊട്ടിക്കരഞ്ഞതും
അച്ഛന്റെ പുറകിലൊളിച്ചൊരുവേളയിൽ
മുത്തശ്ശി കളിയാക്കി ഏറെ ചിരിച്ചതും
ആദ്യദിനങ്ങളിൽ അച്ഛന്റെ കൈപിടിച്ചന്നു
കടന്നൊരു വിദ്യാലയങ്കണം
പിന്നീട് കൈവീശി യാത്രയയച്ചൊരു
ഉന്നത കലാലയ പഠനത്തിന് നാളുകൾ
എന്നാലും അന്നാളിൽ അച്ഛന്റെ നെഞ്ചിലെ
ചുടോന്നു പറ്റി കിടന്നൊന്നുറങ്ങുവാൻ
യൗവന നാളിലും മോഹമായി നിന്നതും
അച്ഛനെ കെട്ടിപ്പിടിക്കുവാൻ ഒട്ടൊന്ന്
ചേർന്നൊന്നിരിക്കുവാൻ
ബാല്യത്തിലെക്കുള്ള വാതിൽ തുറക്കുവാൻ
ഒരുപാട് മോഹമായ് ഞാനിരിപ്പു.
-----------ഓ.പി--------------