വിട
ഇരുൾവീണ സന്ധ്യയിനിയുമൊരിക്കലും
വിരഹത്തിൻ കാലൊച്ചയകലില്ല
ഇതളിലൊളിപ്പിച്ച കുങ്കുമവർണ്ണങ്ങൾ
ഇടവിട്ടു പിന്നെയുമെത്തുകില്ല.
മിന്നിത്തിളങ്ങുന്നോരമ്പര വീഥിയിൽ
ഇണയായിരിക്കുമീക്കാൽപ്പാടുകൾ
വിട്ടുപിരിയുവാൻ വേദന നൽകുവാൻ
ഇടവിട്ടു നിറയുമീ സജലനേത്രം.
കണ്ണാടിക്കവിളിലൂടൊലിച്ചിറങ്ങുന്നൊരു
നിറമേതുമില്ലാത്ത വിരഹനദി.അനുസ്യുതം
അലയില്ലാതാർത്തു പിരിഞ്ഞീടുമ്പോൾ
ഇരുളിലെ കൈവഴി നീണ്ടിടുന്നു.
സ്നേഹം നിറയാത്ത പൂപ്പാലികകൾ
നേടിയ പ്രതിഫല കളിവർണ്ണത്താലങ്ങൾ
അണക്കുക ഇനിയുമീക്കെടാവിളക്കുകൾ
ഇനി സൗമ്യമായി ഈപ്പടിയിറങ്ങീടട്ടെ.