എന്റുപ്പയുടെ സേവനം
നാല് പേർക്കിരിക്കാൻ പറ്റുന്ന
ഒറ്റ ബെഞ്ചിൽ
എപ്പോൾ ചെന്നാലും എന്റുപ്പക്ക്
സ്ഥലം കിട്ടണം
ഇല്ലെങ്കിൽ ഇല്ലാത്ത പുകിലാക്കും
ഓനിരിക്കാൻ ഒത്തില്ലെങ്കിൽ
പിന്നത്തെ ബന്തിനു
പിള്ളാരെക്കൊണ്ട്
കടയിൽ കോലുവക്കും
അപ്പോൾ നായരുടെ കടയെന്നു
അപ്പാടെ മറന്നുപോകും
ഇപ്പോൾ എന്റുപ്പക്ക്
എപ്പൊ ചെന്നാലും സീറ്റാ.
ഞങ്ങൾ ഫോർ സ്റ്റാർ എന്ന് പറയുന്ന
ചായക്കടയിൽ
എന്റുപ്പക്ക് ചൂട് കുറഞ്ഞ ചായ
കടുപ്പമില്ലാതെ കൊടുത്തതിനാൽ
ബഷീറിക്കയെ കൊണ്ട്
രായിക്ക് രാമാനം പുതിയ
ചായക്കടയുണ്ടാക്കിയ എന്റുപ്പ
അതിനു ജാതിയുടെ നിറവും
കാഫറിന്റെ ഒഴിവും കാട്ടി
അങ്ങിനെ ഞങ്ങടെ നാട്ടിൽ
രണ്ടു ഫോർ സ്റ്റാർ ആയി
നായരുടെ ചായക്കടയിൽ
ഒരു കുറവില്ലാതെ ആളുകൾ
നായരുടെ പറ്റു പുസ്തകം
വലിപ്പം കൂടിവന്നു
എന്റുപ്പ ചാരപ്പണി നടത്തി
കടപൂട്ടിക്കാൻ
മറു സമുദായവും
കടം തിന്നുന്നവരും പിന്താങ്ങി
എന്റുപ്പ പിൻവാങ്ങി.
നാട്ടിലെ എല്ലാത്തരം തീറ്റക്കും
എന്റുപ്പ മുന്നിലുണ്ട്
ഒരാളും പുതിയ ഷർട്ട്
ഇടുന്നത് പോലും എന്റുപ്പക്ക് പിടിക്കില്ല
ഈ ഗ്രാമത്തിൽ ആരെന്തു നല്ലത്
ചിന്തിച്ചാലും ചെയ്താലും
അതിന്റെ ഗുണഭോക്താവ്
എന്റുപ്പ തന്നെയായിരിക്കണം.
വല്യുപ്പയുടെ പേരിലാണ് എന്റുപ്പയെ
നാട്ടാര് സലാം പാടുന്നത്
അതിനു കുറച്ചു കിറിനക്കികളും
ഇനി ഇവരെന്നാണാവോ
എന്റുപ്പക്ക് വീരചക്രം കൊടുക്കുന്നത്
നല്ല നാട്ടുസേവനം നടത്തിയതിനെ.
-------------ഓ.പി----------