വർണ്ണ്യം ഈ വിഷു
മീനച്ചുവപ്പുകളൊപ്പിയെടുത്തൊരു
മേടം പീതാംമ്പരവർണ്ണമാക്കി
പൊന്നിന്മണികളും കൂട്ടിക്കൊരുത്തൊരു
പൊന്നാര മണിയുള്ള പുഷ്പഹാരം
തെന്നലിലാടുന്നോരാഭരണം
കൊന്നക്കുരുന്നിനു ചാർത്തിടട്ടെ.
മൂവന്തിനേരത്തൊരുങ്ങിയിറങ്ങിയ
മേടനിലാവൊരു പന്തലിട്ടു
തെല്ലു തണുപ്പിച്ചു ചാറിയ രാമഴ
തെല്ലിളം തീർത്ഥം തളിച്ചുപോയി.
ഒറ്റവാതിൽ തുറന്നൊറ്റക്കിറങ്ങുക
ഓലഞ്ഞാലിക്കിളി പെണ്ണേ.
കുളിരുള്ള പുലരിയിൽ പാറിപ്പറന്നിടാം
നിന്റെയുമെന്റെയുമിഷ്ടമല്ലേ.
ഓമനപ്പൂമുഖം പട്ടുവിരിക്കട്ടെ
ബാലർക്കരശ്മികൾ പൂശിടട്ടെ
നെയ്യ്‌ത്തിരി കത്തുന്ന പ്രഭയേറിയിന്നൊരു
കണികണ്ടു കൈനീട്ടം വാങ്ങിടണം
ഒരുമാത്രയെങ്കിലും ഒരു വട്ടം കാണുവാൻ
ഒരുക്കിയ കണിയിപ്പോളെന്നരികിൽ
ഒരു വിഷുപക്ഷിതൻ കൂജനരാഗങ്ങൾ
മാരുതലയതാള വീചിയിലായി.
--------ഓ.പി-----------------