അചഞ്ചലം
സടകുടഞ്ഞേണീക്കണം,സകലമാന ശൂരരും.
കലി കയറി ധൂർത്തടിച്ചു കഥയകറ്റും മുന്നിലായി.
ചോര കൊണ്ടു കഴുകിവെച്ച, സങ്കടങ്ങൾ ഒക്കെയും,
മനസ്സുറച്ചു മലർ പൊഴിച്ചു ശക്തിയുക്തമാക്കുക.
ജാതിയാക്കി തരംത്തിരിച്ചു നൂലു ചാർത്തി ,മാറ്റിയിട്ട്,
മതവുമാക്കി ,മനമുടക്കി ശിഥിലമാക്കി തീണ്ടലാക്കി,
വര വരച്ചു ,വഴിയുരച്ചു ഒച്ചവച്ചു ,നീങ്ങുവാൻ വിധിച്ചവർ.
പ്രമാണി നീങ്ങും പാതയിൽ ,അണിനിരന്ന ദീനരും.
മാറു മറച്ചു നിന്നുപോയാൽ വിലോമമായി തീർന്നിടും,
പ്രഹരമൊക്കെയേറ്റു വാങ്ങാൻ പതിതരായ നിങ്ങളും.
മാറ്റി നിങ്ങൾ ഉടച്ചു വാർത്തു പതിച്ചു വച്ച മുദ്രകൾ.
തരം തിരിച്ചു മുറിച്ചു ചേർത്തു മതങ്ങളാം മതിലുകൾ.
ചോരവീഴ്ത്തി വ്രണിതരാക്കി ,നിങ്ങൾ തൻ മനോബലം.
നിങ്ങൾ വീണ ധരണിയിൽ ,നിങ്ങൾ മുക്കി ഉണർത്തിയ,
രക്ത വർണ്ണ കൊടികൾ കണ്ടു പകച്ചു നിന്ന വർഗ്ഗവും.
തിരയോഴിച്ചു മാർ പിളർത്തി നിങ്ങൾ തൻ കാലടികളെ.
കരമുയർത്തി അനുഗ്രഹിച്ചു അക്ഷരങ്ങൾ നിരക്കവെ,
ആരെയും തകർക്കുവാൻ വിദ്യ നൽകി പ്രമാണികൾ.
ഭാവി നൽകും വഴിയോരുക്കി കൂട്ടരായ നിങ്ങളെ,
വഴി മുടക്കി ,പകുത്തു നൽകി ,തുടർന്ന് തല്ലി മരിക്കുവാൻ.
പ്രകൃതി കനിഞ്ഞാനുഗ്രഹിച്ച വിത്തുകൾ കവർന്നവർ,
വിഷമുതിർത്തും ഭോജനങ്ങൾ തീറ്റിയവർ ,പരിഷകൾ .
പണമുയർത്തി വിലക്ക് വാങ്ങി അജ്ഞരായ കൂട്ടരേ,
വിവിധ വർണ്ണ കൊടികൾ നൽകി വിവശരാക്കി മാറ്റിയും.
അന്നു കൊന്നു കൊലവിളിച്ച, പ്രമാണി തന്നെയിപ്പൊഴും,
വിവിധ വർണ്ണ ജാതികളായി നിറമണിഞ്ഞ കൊടികളായി.
രൂപ ഭാവ തന്ത്രമൊക്കെ മാറ്റിയേറ്റി വളർന്നതും ,വരുന്നതും,
നിങ്ങളെ നയിക്കുവാൻ ധീരനായ നായകൻ ഉണരണം.
അച്ചടക്കം, മാന്യത, അറിവ് പകരും വിദ്യകൾ
ചൂഷണത്താൽ തകർത്തു വീഴ്ത്തി ,ഉന്നതരാം വ്യക്തികൾ.
കൈകൾ ചൂണ്ടി പറയുവാൻ നെഞ്ചുറപ്പ് കാട്ടണം.
കേരളത്തിൽ ഐക്ക്യമാകെ ഭാരതത്തിൽ അലിയണം.
-------------------------ജയരാജ്----------------------