അത്താണി
ഒറ്റയടിപ്പാത തീരുന്നിടത്താണ്
ഒറ്റയായി നിൽക്കുന്നോരത്താണി
ഒന്നല്ല രണ്ടല്ലയെത്ര ദശാബ്ദങ്ങൾ
ഓർമ്മ തൻ പാലാഴി നീന്തിടുമ്പോൾ.
മഴയില്ല മഞ്ഞില്ലാ പൊരിയുന്ന വെയിലും
മറയില്ലാമാനത്തെ മറയുന്ന കാറും
മാറി മറിഞ്ഞോരു ഋതുഭേദപ്പോരുളും
മാറിൽ വഹിച്ചോരു ശക്തനാമത്താണി.
എന്തെന്തു ഭാവങ്ങളെത്ര വിലാപങ്ങൾ
എത്രയോ ആശ്വാസ നിശ്വാസങ്ങൾ
എങ്ങലടിച്ചുള്ള പൊട്ടിക്കരച്ചിലും
എല്ലാമറിയുന്ന മൂകസാക്ഷി.
കണ്ണില്ല കരളില്ല ഹൃദയത്തുടിപ്പില്ല
കാഴ്ചയിൽ വേണ്ടത്ര പൊലിപ്പുമില്ല
കാൽനടക്കാരനു ചുമടിറക്കാൻ
കാൽപ്പണം ചിലവില്ലാത്തോരത്താണി.
ഒറ്റയടിപ്പാത തീരുന്നിടത്താണ്
ഒറ്റയായി നിൽക്കുന്നോരത്താണി
ഓർമ്മയിലുള്ളോരു ഗതകാലവും
ഓർമ്മപ്പെടുത്തലായോരത്താണി.
--------------ഓ.പി-------------