ഓണക്കാഴ്ച
ഓണക്കുരുവിക്കൊരൂഞ്ഞാല് കെട്ടുവാൻ
ഓമനത്താമര പൊൻ വെളിച്ചം
പട്ടുനൂൽ ചേർത്തു പിരിച്ചെടുത്തന്നൊരു
പാൽനിലാവെട്ടത്തിൻ പാശങ്ങളും
നേർത്തൊരു താരാട്ടു പാട്ടിന്റെയീരടി
കേട്ടോന്നു ചാഞ്ഞാടെൻ തേൻ കുരുന്നെ
ഓണക്കുരുവിയെ ഊട്ടുവാനിന്നൊരു
നാക്കില വച്ചൊരു സദ്യ വട്ടം
മൃഷ്ടാന്ന ഭോജനം തീരുമ്പോൾ പിന്നെ
തേനിൽ കുതിർത്തൊരു പാലടയും
പൂവാക പൂവുകൾ പൂത്തുലഞ്ഞാടുന്ന
ഈ തീര ഭൂമിയിൽ ഒത്തു ചേരു
നാലഞ്ചു ചുവടുകൾ വച്ചു നീയിനിയൊരു
ഓണക്കളിയുടെ അരങ്ങിലെത്തു
വെള്ളപളുങ്കൊളി നാമ്പുകൾ നീട്ടി
പാടവരമ്പിലെ തൃണ സഞ്ചയം
കറുകയും കടലാടി കാക്കപ്പൂവും
കണ്ണയക്കുന്നൊരു തുമ്പപ്പൂവിൽ
എന്തേ നീ പൂവേ ഉണരാതിരിക്കുന്നു
ഓണത്തിൻ അലയൊലി കേട്ടില്ലയോ