ഇന്നൊരു വിഷുക്കണി
ഉള്ളിന്റെയുള്ളിൽ
പൂത്തു വിരിഞ്ഞൊരു
കണിക്കൊന്ന മാത്രം ബാക്കി
ഇന്നിന്റെ മക്കൾക്ക്
നഷ്ടങ്ങളനവധി.
വൈശാഖപ്പുലരിയിൽ
വെള്ളോട്ടുരുളിയിൽ
സ്വർണ്ണ നിറമാർന്ന
കണികൊന്നയും
നിറമാർന്ന വെള്ളരി
പൊന്നും പണവും
ഫലങ്ങളും ഗ്രന്ഥവും
കണ്ണാടിയും കൂടെ
കാർവർണ്ണനും
താളത്തിൽ പാടുന്ന
വിഷുപക്ഷിയും
ഈക്കണി കണ്ടുണരുന്ന
കുളിർപ്പുലരിയെവിടെ. ?
കണിയില്ല
പിന്നെയീയാചാരവും
കൂട്ടു കുടുംബങ്ങൾ
ഓർമ്മകളായി
കണ്ണ്കൾ പൊത്തി
കണിയൊന്നു കാണിക്കാൻ
അമ്മുമ്മമാരില്ല
കൈനീട്ടം നല്കുവാൻ
അച്ചീച്ഛനും
ദാഹ ജലത്തിന്
പാറി പറന്നൊരു
വേഴാമ്പൽ കൂട്ടങ്ങൾ
പോയി മറഞ്ഞു
ഹരിത തീരത്തിന്റെ
വായ്ത്താരി പാടുന്ന
വറ്റി വരണ്ടൊരു
അരുവികൾ തീരങ്ങൾ
ഉള്ളിന്റെയുള്ളിൽ
പൂത്തു വിരിഞ്ഞൊരു
കണിക്കൊന്ന മാത്രം ബാക്കി.
------ഓ.പി.---------