വെറുതെ ഒരു മോഹം
ചെങ്കടൽ കാച്ചി കുറുക്കുവാൻ മോഹിച്ച,
ചെന്നിറമാർന്നൊരു പക്ഷി.
കൈകളിൽ ചെന്നിറം പോരാതെ വന്നിട്ട്,
നിറമൊന്നു കടം കൊണ്ട പക്ഷി.
ചെങ്കടൽ അരുവി പോലല്ലെന്നു ചൊല്ലിയ,
ആബാലവൃദ്ധം സതീര്‍ത്ഥ്യർ.
അറിവിന്റെ കേതാരമായൊരു പക്ഷിക്ക്,
പുച്ഛം മുഖഭാവം വന്നണഞ്ഞു.
കൊക്കൊന്നുരുമ്മി കരയുന്നു ഇണയപ്പോൾ,
വാവിട്ടു കരയുന്നു കുഞ്ഞുങ്ങളും.
ഒന്നല്ല ,ഒരായിരം ജീവന്റെ കണികകൾ,
വീണു തകർന്നൊരു പാരാവാരം.
ഒറ്റക്ക് പൊരുതി ജയിക്കുവാൻ മോഹിച്ച,
ഒറ്റയാനായി തീർന്ന പക്ഷി.
ചെന്നിറം പുശിയ ചെമ്മാനം കണ്ടീട്ടു,
കാനനം വിട്ടു പറന്നു.
ആഴി അലകൾ ഉയർത്തുന്ന ചെങ്കടൽ,
തീരത്തു നിന്നവൻ നോക്കി.
തോറ്റു മടങ്ങുവാൻ മടിയില്ലാതലയുന്ന,
നിഴലുകൾ കണ്ടു ചിരിച്ചു.
ചെങ്കടൽ തീരത്തു വാനോളം ഉയരത്തിൽ,
നിൽക്കുന്നു, വേറൊരു പക്ഷി.
വൃദ്ധനാം, ശക്തനാം പക്ഷി.
ഈ ചെങ്കടൽ, ചെന്നിറമാക്കിയവൻ.
അലപറ്റി ,അരികിലായ് ,ആയുധധാരിയായ്,
അലയുന്നു മത്തഗജങ്ങൾ.
ചെമ്പട്ട് ചുറ്റിയ കഴുകന്മാർ ചുറ്റിലും,
സായകം തേച്ചു മിനുക്കിടുന്നു.
അന്ധനാം ദൈവം ,അരുളി ചെയ്തന്നു,
പോകല്ലേ, ഏകനായി മുന്നിൽ.
ഗാന്ധർവ സോദരർ വിഗ്നങ്ങൾ കാണിച്ചു,
പക്ഷിതൻ വീഥി മുടക്കാൻ.
അക്ഷൗഹിണിപ്പട ഒന്നാകെ വർഷിച്ചു,
ദിഗന്തം ഞെട്ടുന്ന ഞാണോലിയാൽ.
പഞ്ചദശത്തോളം കൂരമ്പ് കൊണ്ടപ്പോൾ,
ചിറകറ്റു ക്ഷോണിയിൽ വീണു .
ധീരനായി നിന്നൊരു രക്തസാക്ഷി,
ചെന്നിറമാർന്നൊരു പക്ഷി.
അലയാർന്ന കടലിലെ ഓളങ്ങൾ,
സ്തബ്ധമായി,ഇണയറ്റു പോയൊരു പക്ഷി.
വൃദ്ധനാം, ശക്തനാം പക്ഷിതൻ കൂട്ടങ്ങൾ,
സമാശ്വസിപ്പിച്ചീടുന്നു ആ ഇണയെ.
---------------------------------------------