വളർന്നു തളർന്നവർ
പണ്ടുണങ്ങി പിടിച്ച ചുവന്ന ചോര,
യുവ രക്തത്തെ തിളപ്പിച്ച, ചോരക്കഥകൾ.
അവരുടെ മജ്ജയും കണ്ണീർക്കണങ്ങളും,
നാവുനീട്ടി രുചിയോടെ നക്കിയ,
പുറം ചുവന്ന വിജയശ്രീലാളിതർ.
പച്ചയായി ഉള്ളിലിന്നും,ശീവേലിയോരുക്കുന്നു.
പാവം ചകിണിയായി പരിണമിച്ച,
ചാവേറുകൾ തലോടുന്നു തഴമ്പുകൾ.
അമൃതേത്തു കഴിഞ്ഞു ഒഴിയുമ്പോൾ,
തുള്ളിയായി പതിച്ച പലതും,
സോത്സുകമായി വിഴുങ്ങി തളർന്നതും.
ഇവിടെ മുഖം നഷ്ടമായ ബിംബങ്ങളെ,
നിന്റെയലങ്കാര താരക പ്രതിഷ്ഠകൾ,
മടക്കിയേകി മാപ്പിരന്നു കൊള്ളൂക.
ഇല്ലെങ്കിലിതേ, നിന്റെ ചാവേറുകൾ,
നിന്റെ ചുടു ചോരയിവിടെ ഒഴിച്ചീടും,
പുതിയൊരു പതാകക്ക് നിറമേകാൻ.
-------------ഓ.പി.--------------