സ്കൂൾ വേനലവധി
സ്കൂൾ വേനലവധി ഒരു സംഭവ ബഹുലമായിരുന്നു, ഒരു വർഷകാലത്തെ കാത്തിരുപ്പിനു ശേഷം രണ്ടു മാസക്കാലത്തെ അവധി ലഭിക്കുന്നു. പിന്നെ അമ്മയുടെ വീട്ടിലേക്കു ,അന്നെന്റെ വീട്ടില് നിന്ന് അമ്മയുടെ വീട്ടിലേക്കു പത്തു കിലോമീറ്റർ ദൂരം. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന നാൾ അത്രയും ബസോ,മറ്റു വാഹന സൌകര്യങ്ങളോ ഒന്ന് ഉണ്ടായിരുന്നില്ല ദിവസവും രാവിലെ ഒരു വണ്ടിയുണ്ടാകും. അത് വരുന്ന ഒച്ച ഒരു അരകിലോമീറ്റെർ ദൂരത്തു കേൾക്കാൻ കഴിയുമായിരുന്നു. അമ്മയും ഞാനും രണ്ടു സഹോദരിമാരും അനിയനും ചേർന്ന സംഘം ബസ്സ് നിറുത്തിയാലുടനെ വലിഞ്ഞു കയറലാണ്,അന്നൊന്നും അച്ഛൻ ഞങ്ങളുടെ കൂടെ വന്നതായി ഓർമ്മയില്ല, അമ്മയുടെ തറവാട് വക ഒരു അമ്പലമുണ്ട് അതിലെ ഉത്സവവും ഏതാണ്ട് ഈ സമയത്താണ് നടക്കുക.ശരിയായ ഒരു ഗ്രാമം. വൈദ്യുതി വരെ ഉണ്ടായിരുന്നില്ല. ബസ്സിറങ്ങിയാൽ രണ്ടു കിലോമീറ്റെർ കൈവഴികളും ചുടലപ്പറമ്പും ഒക്കെ പിന്നിട്ടു ഒരു കുണ്ടനിടവഴിയിൽ ഇറങ്ങുന്നു. അത് കയറി ചെന്നാൽ അമ്മയുടെ വീട് ദൂരേ കാണാം. ഞാനെപ്പോഴൊക്കെ കണ്ടിട്ടുണ്ടോ അന്നൊക്കെ ഒരു വെളുത്ത പുക ആ ഓല മേഞ്ഞ വീടിന്റെ മുകളിൽ കണ്ടിരുന്നു. അതെനിക്കൊരു അതിശയമായിരുന്നു. പിന്നീടാണ് അത് അടുക്കളയിൽ നിന്നുള്ള പുകയാണ് എന്ന് മനസ്സിലായത്.
നിറയെ വെറ്റില കൃഷിയും അതിനിടയിൽ പച്ചമുളക് തുടങ്ങി നിരവധി ചെറു ചെടികൾ
വലിയ കനാൽ വഴി വരുന്ന വെള്ള ചെറിയ തോട് വഴി ഈ തോട്ടങ്ങളിൽ എത്തിക്കുന്നു
ശരിക്കും ഒരു കാടിന്റെ പ്രതീതിയായിരുന്നു.വീടിന്റെ തെക്ക് വശത്തായി ഒരു വലിയ കൊടപ്പുളി മരവും ഒരു നെല്ലിയും, രാത്രിയാൽ ആനറാഞ്ചി പക്ഷിയുടെ നീട്ടിയുള്ള വിളി പേടിപ്പെടുത്തുന്നത് തന്നെയായിരുന്നു
ഞങ്ങൾ വിരുന്നുകാരായത് കൊണ്ട് മറ്റുകുട്ടികളുടെ ഇടയിൽ ഒരു ആതിഥേയ മനോഭാവം
നില നിന്നിരുന്നു. കശുമാവിൻ തോട്ടത്തിൽ ഇലകൾ കൂട്ടിയിട്ടു കശുവണ്ടി ചുട്ടു തല്ലി തിന്നുക, വലിയ നാട്ടുമാവിൽ നിന്ന് വീഴുന്ന മാങ്ങയുടെ ചാറ് കുടിക്കുക. ഞാവൽ പഴം തിന്നു വായ വയലെറ്റു നിറമാക്കുക.ഇങ്ങിനെ ഓരോ ദിവസവും നീങ്ങിയിരുന്നത്.