വേനലവധി --തുടരുന്നു
ഏതാണ്ട് സൂര്യാസ്തമനത്തോടെ വിളക്കുകളിൽ തിരിയിട്ടു വച്ചത് എല്ലാം കത്തിച്ചു ,നാരായണഅമ്മാന്റെ മൂന്ന് നാല് പരികർമ്മികൾ ഒരു കൊടിവിളക്കിൽ കത്തിച്ച തിരിയുമായി എല്ലാ തിരികളും കത്തിച്ചു, ഈ എള്ളെണ്ണ ഒഴിച്ചു കത്തിക്കുന്ന വിളക്കിൽ നിന്നുയരുന്ന മണം എനിക്ക് നല്ല ഇഷ്ടമാണ്. ചെണ്ടക്കാർ മൂന്ന് പേർ നടയുടെ മുന്നില് വന്നു താളം ആരംഭിച്ചു ,മണി അടിച്ചു പൂജാരിയും പൂജകൾ തുടങ്ങി. മൂന്ന് ഇടങ്ങളിലായി നിലവിളക്കുകൾ കത്തിച്ചു വച്ചിരിക്കുന്നു, കുഞ്ഞമ്മായി അതിന്റെ വിശദീകരണം തന്നു .
അതെല്ലാം ഉപദൈവങ്ങളാണത്രെ, അവർക്കും പൂവും നിവെദ്ദ്യവും ഒക്കെ കൊടുക്കും .പൂജകൾ കഴിഞ്ഞു വീണ്ടും പരിവാരങ്ങളോടെ അമ്പലത്തിലേക്ക്.പുറത്തുള്ളത് എല്ലാം കരിങ്കല്ലിൽ ഉള്ള പ്രതിഷ്ടകളാണ്. അമ്പലത്തിനുള്ളിൽ പഞ്ചലോഹ വിഗ്രഹമാണ്
അമ്പലപ്പറമ്പ് നിറച്ചും ആളുകളായി. അമ്മയടക്കമുള്ള സ്ത്രീകൾ അമ്പലത്തിന്റെ മുന്നിലേക്ക് നടന്നു കൂട്ടത്തിൽ ഞാനും. തൊഴുതു നിൽക്കുമ്പോൾ അറിയാതെ എന്റെ കണ്ണ് മുന്നിലുള്ള കളത്തിലേക്ക് പോയി. രൗദ്ര ഭാവത്തിൽ നില്ക്കുന്ന ദേവിയെയാണ് വരച്ചിരിക്കുന്നത്. അവിടെ വാളും ചിലമ്പും അരമണിയും ഒക്കെ ഇരിക്കുന്നു കൂട്ടത്തിൽ
ഒരു താലത്തിൽ ചുവന്ന പട്ടും. വേലാവു അമ്മാൻ കുറെ കുറികൾ ഒക്കെ വരച്ചു അവിടെ ഒരു പീഠത്തിൽ ഇരിക്കുന്നു അടുത്ത് തന്നെ രണ്ടു പേര് വേറെയും അമ്മായി പറഞ്ഞത്
തെക്കേ കരയിലേ തുള്ളക്കാരാണത്രേ.
വടക്ക് വശത്തെ വാർപ്പിലെ അരിയിൽ നെയ്യും ശർക്കരയും ഒക്കെയിട്ട് മൂന്ന് പേര് നിന്ന് വരട്ടുന്നുണ്ടായിരുന്നു. ഇതിന്റെ പേര് പന്തീരാഴി എന്നാണത്രേ, വെളിച്ചപ്പാട് തുള്ളിവന്നു
തിളക്കുന്ന ഈ കട്ടിപ്പായസം അവിടെ കൂടിയിരിക്കുന്നവരുടെ കൈകളിൽ കൊടുക്കും
കുട്ടികൾ ആരും തന്നെ വാങ്ങില്ല കൈയിൽ ഇലവച്ചു കൈനീട്ടിയാൽ കൊടുക്കില്ല
കിഴക്കെ വശത്ത് പത്തടിയോളം നീളവും ആറടിയോളം വീതിയും ഉള്ള പ്ലാവിന്റെ കാതൽ
കത്തിച്ചു തുടങ്ങിയിരിക്കുന്നു. വെളിച്ചപ്പാട് തുള്ളി വന്നു ഇതിനു മുകളിൽ ചവിട്ടി മെതിച്ചു ഓടുമെന്നു ചേച്ചിമാർ പറഞ്ഞു.
വേലാവു അമ്മാവൻ ചുവന്ന പട്ടുടുത്തു,കൂടെ മറ്റു രണ്ടു പേരും,ചെണ്ട,ഇലത്താളം ,കൊമ്പ് കുഴൽ എല്ലാവരും നിരന്നു.പൂജാരി വന്നു അരമണി കെട്ടി ചിലമ്പ് കൊടുത്ത് പള്ളി വാളും
ഒരു പാറയിൽ തെങ്ങിൻ പൂക്കുല വച്ചു അതിൽ നെല്ല് നിറച്ചു. പള്ളിവാൾ പറയിൽ തൊട്ടു
നിറുത്തി , മേളം തുടങ്ങി . വെളിച്ചപ്പാട് വിറച്ചു തുടങ്ങി മേളം മുറുകി വന്നു. കലി മൂത്ത് തുള്ളൽ ശക്തിയായി അമ്പലം വലം വച്ചു ഉറഞ്ഞു തുള്ളി മൂന്ന് പേരും പരിസരം മറന്നു തുള്ളുന്നു. പെട്ടെന്ന് ഒരാൾ തന്റെ വളഞ്ഞ വാള് കൊണ്ട് നെറ്റിയിൽ മുകളിലായി വെട്ടി മുറിക്കുന്നു ഞാൻ ശരിക്കും പേടിച്ചു മുഖത്തു മുഴുവനും ചോരയാൽ വെളിച്ചപ്പാട് തുള്ളുകയാണ് .ഒരാൾ കൈയ്യിൽ ഒരു തീ പന്തവുമായി വന്നു നിന്ന് ,ആ പന്തം വാങ്ങി
തുള്ളി മറിഞ്ഞു കത്തുന്ന അഗ്നി പരപ്പിൽ ഇട്ടു. അതാ പിന്നാലെ തുള്ളി വന്ന മാമനും
വേറൊരു വെളിച്ചപ്പാടും ആ തീ ചവിട്ടി മെതിച്ചു കൊണ്ട് തുള്ളി മറിക്കുന്നു.തീ കട്ടകളും
മറ്റും ദേഹത്ത് വീഴാതെ തെന്നി മാറുന്ന പലരെയും കണ്ടു,അവിടെ നിന്ന് ഓടി പന്തീരാഴി വാരി കൊടുക്കലായിരുന്നു. വ്രതം നോൽകുന്നവർക്ക് കൈ പൊള്ളില്ല എന്നാണ് അമ്മായി പറഞ്ഞത്.
കലിയിറങ്ങി മൂന്ന് പേരും കളത്തിൽ കിടന്നു. എനിക്ക് മലരും പൊടിയും പഴവും പിന്നെ തണുത്ത പന്തീരഴിയും കിട്ടി. അപ്പോഴേക്കും അച്ഛൻ എത്തി. എല്ലാവരും ചേർന്ന് വലിയമ്മാവന്റെ വീട്ടിലേക്കു, നാളെ നേരം വെളുത്താൽ ഞാൻ തിരിച്ചു എന്റെ വീട്ടിലേക്കു
പോകും. അടുത്ത ഒരു അവധി വരും വരെ.......!