തുടർച്ച......സ്കൂൾ വേനലവധി
കഞ്ഞി കുടിക്കുക എന്നത് ആ സമയത്ത് ഒരു പരിചയമേ ഇല്ല, നല്ല പുന്നെല്ലിന്റെ അരിയുടെ കഞ്ഞി മോനൊന്നു കുറച്ചു കുടിച്ചു നോക്ക്. കൊച്ചമ്മായിയുടെ നിർദ്ദേശം, കാലത്ത് തന്നെ പുട്ടും പഴവും കഴിച്ചു വയർ നിറഞ്ഞിരിക്കുകയാണ് അവിടത്തെ എല്ലാ അംഗങ്ങളും പത്തു മണിയോടെ കഞ്ഞിയാണ് കുടിക്കുന്നത്. പാടത്ത് പണിക്കാർക്ക് ആദ്യമേ കഞ്ഞി കൊണ്ടുപോകും.ഞങ്ങൾക്കിരിക്കാൻ ഒരു "തടുക്കു" പുല്ലുപായ ഇട്ടു അതിൽ എന്നെയും പെങ്ങളെയും പിടിച്ചിരുത്തി. നല്ല സ്വർണ്ണ വർണ്ണത്തിലുള്ള ഓട്ടു കിണ്ണം നിറയെ ആവി പറക്കുന്ന കഞ്ഞി നടുത്തളത്തിലെ പുല്ലുപായയിൽ ഇരിക്കുന്ന ഞങ്ങളുടെ മുന്നിൽ കൊണ്ട് വച്ചു,ഒരു ചെറിയ മരത്തിന്റെ പാത്രം അതിൽ കുറച്ചു ചമന്തി, ഒരു കുഞ്ഞി കിണ്ണത്തിൽ വാഴയുടെ കൊടപ്പൻ അരിഞ്ഞു തോരൻ വച്ചത്, പിന്നെ എനിക്കൊരു സ്പെഷ്യൽ കറി, പച്ച കശുവണ്ടി നെടുകെ പൊളിച്ചു കാംബെടുത്തു, നാളികേരവും പച്ചമുളകും ഇട്ടു അമ്മിയിൽ വച്ചു അരച്ചു എടുത്ത ചമന്തി ഇതു ഒരു വാഴയിലയിൽ. മരക്കൊരിയിൽ കൊണ്ട് വച്ച മൂവണ്ടാൻ മാങ്ങ ചമ്മന്തിയുടെ സ്വാത് ഇപ്പോഴും നാവിൽ ഉണ്ടോ എന്ന് തോന്നും.ഒരു പകുതി പഴുത്ത പ്ലാവില കോട്ടി പച്ച ഈർക്കിൽ "സ്ടപ്പിളർ" അടിച്ചപോലെ സ്പൂണ്‍ ഉണ്ടാക്കി കഞ്ഞിയുടെ ഒരു വശത്ത് വച്ചിരിക്കുന്നു.മറ്റു കുട്ടികൾ എല്ലാവരും ഇരുന്നു, മറ്റു കുട്ടികളെ അപേക്ഷിച്ചു ഞങ്ങൾ സഹോദരങ്ങൾ ഒരു പടി മുന്നിലാണ് കാരണം ഞങ്ങൾ ഗ്രാമവാസികൾ അല്ല എന്നാണ് ഇവർ കരുതുന്നത്. എന്റെ വല്ലിയമ്മമാരുടെ മക്കളെല്ലാം കഞ്ഞി കുടിക്കാനുണ്ട്. എനിക്ക് കഞ്ഞിയിൽ നിന്ന് പൊങ്ങുന്ന ആവിയുടെ മണം നന്നായി ഇഷ്ടപെട്ടത് കൊണ്ട് വിശപ്പില്ലാത്ത ഞാനും, കഞ്ഞി കുടി തുടങ്ങി .മറ്റുള്ള കുട്ടികളും മറ്റും എണീറ്റ് പോയീട്ടും ഞാനും പെങ്ങളും കഞ്ഞിയോടു പൊരുതി കണ്ണ് നിറയെ കണ്ണീരും ചൂട് കൊണ്ട് വിയർത്തും ഇരുന്ന പുല്ലു പായ വരെ നനഞാപ്പോൾ അമ്മ രംഗത്തെത്തി എണിക്കാൻ നിർദ്ദേശം കിട്ടി.
എന്തൊക്കെ പറഞ്ഞാലും ഇവരുടെ ഒക്കെ ആരോഗ്യത്തിന്റെ രഹസ്യം കുറെ കാലങ്ങൾക്ക് ശേഷം നേരിട്ട് ബോദ്ധ്യമായത്. അസുഖം വന്നാലും തന്നെ ഇവർ ആശുപത്രിയിൽ പോകാറില്ല. കണ്ണിൽ വേദനയുണ്ടെന്നു പറഞ്ഞാൽ ഉടനെ മരുന്ന് തയ്യാറാകും. ചെറിയ ഉള്ളി തുളസിയുടെ ഇലയും ചേർത്തു ഒന്ന് ചതക്കുന്നു അത് ഒരു
കൊച്ചു തുണിയുടെ കിഴി കെട്ടി,പിടിച്ചു കിടത്തി രണ്ടു കണ്ണിലും രണ്ടു തുള്ളി വീതം ഒഴിക്കുന്നു. നല്ല നീറ്റൽ ആദ്യം പിന്നെ നല്ല തണുപ്പായിരിക്കും. രണ്ടു ദിവസ്സം രാവിലെ ഒഴിച്ചാൽ കണ്ണിന്റെ എല്ലാ അസുഖവും" പമ്പ കടക്കും" എന്നാണ് അനുഭവസ്ഥർ പറയുന്നത്. നാളെയാണ് അമ്പലത്തിലെ ഉത്സവ പരിപാടികൾ തുടങ്ങുക എന്ന് ചേട്ടൻ
അറിവ് തന്നു.ആ വിശേഷങ്ങൾ തുടരും.....