തുടരുന്നു ......
ഞങ്ങൾ വിരുന്നുകാരയത് കൊണ്ട് മെത്തപ്പായയിലായിരുന്നു ഉറക്കം. രാവിലെ തന്നെ എല്ലാവരും ഉണരും അതാണ് പതിവ്. സരോജിനി ചേച്ചിയും ഭാർഗവി ചേച്ചിയും അതിരാവിലെ എഴുന്നേൽക്കും എന്നും മുറ്റമടിക്കുന്ന ചൂലിന്റെ ഒച്ചയാണ് എന്നെ ഉണർത്തുന്നത്. എന്നെന്തന്നാവോ വലിയ ഒച്ച. പെണ്ണുങ്ങളുടെ ഒച്ച കൂടി വരുന്നു. ഉറക്ക ചടവോടെ ചെന്നപ്പോൾ നെല്ല് കുത്ത് കുഴിയിൽ പെണ്ണുങ്ങൾ ഒത്തു കൂടിയിരിക്കുന്നു. ഇന്നുഇവിടെയാണ് നെല്ല് കുത്ത്.നെല്ല് കുത്താം കുഴിയെന്നാൽ വീടിന്റെ പുറകുവശത്ത് ഉള്ള ഇറയത്തിന്റെ രണ്ടടിയോളം താഴ്ത്തിയ തറയിൽ രണ്ടു ഉരലുകൾ വച്ചിരിക്കുന്നു ,അതിനടുത്ത് നെല്ല് കൂട്ടിയിട്ടു സൂക്ഷിക്കുന്ന മരത്തിന്റെ വലിയ ഒരു മുറി വലിപ്പമുള്ള പത്തായം വച്ചിരിക്കുന്നു. നാല് ഉലക്കകൾ അതിനരികിൽ. മാസത്തിൽ ഒരു പ്രാവശ്യം ഈ സഹകരണ പ്രസ്ഥാനം ഉണ്ടാകാറുണ്ട് എന്നറിഞ്ഞു. നെല്ല് കുത്തി അരിയാക്കാൻ അന്ന് മില്ല് ഒന്നും ഇല്ലായിരുന്നു അയൽപ്പക്കത്തുള്ള അമ്മായിമാരെല്ലാം ഇന്നിവിടെ ഉണ്ടാകും. സകല നുണയും മുഖം വീർപ്പിക്കലും ഒക്കെ കാണാം.നാല് പേർ ഇടിക്കുന്നു രണ്ടു പേർ അത് തടുത്തിടുന്നു. രണ്ടാൾ മുറത്തിൽ ഇടിച്ച അരി ചേറ്റുന്നു,മൊത്തം ഉമിയും തവിടും പാറി പറക്കുന്ന ഒരിടം
ആയി മാറുന്നു. അമ്മായിമാരുടെ തലമുടി തവിട് പൊടി കൊണ്ട് നിറയുന്നു.നെല്ലോക്കെ കുത്തി കഴിഞ്ഞു അരി വീണ്ടും പത്തായ കോണിലേക്ക്. പിന്നീട് വല്യമ്മായി തവിട് കൊണ്ട് ഉണ്ട ഉണ്ടാക്കി എല്ലാവർക്കും കൊടുക്കുന്നു. ഞങ്ങൾ, കുട്ടികൾക്ക് കുറച്ചെ തരു, മലബന്ധം ഉണ്ടാക്കുമത്രേ. വളരെ നനുത്ത തവിട് ശർക്കരയും നാളികേരവും കൂടി കുഴച്ചു കൊച്ചു ഉണ്ടകളാക്കി ഉരുട്ടിഎടുക്കുന്നതാണ് ,പക്ഷെ സത്യം പറയാമല്ലോ സംഗ്ഗതി നല്ലതാണ്.ഈ ഉണ്ട തീറ്റയോടെ നെല്ല് കുത്താം കുഴിയിലെ സംമ്മേളനംപിരിച്ചു വിടുകയും അമ്മായിമാർ പുതിയൊരു ഒത്തു ചേരൽ ഉറപ്പിച്ചു അപ്പോൾ പിരിയുന്നു.
തുടരും.........