തുടർച്ച.........
ഇന്നു ആ വലിയ ചാത്തൻ കോഴിയെ കൊന്നു കറിവച്ചു കൂടെ? വല്ല്യംമാന്റെ ചോദ്യം, ഉമ്മറം നിറയെ വെറ്റില കൂട്ടിയിട്ടിരിക്കുന്നു . കുറച്ചു പേർ ഇടതു കൈവെള്ളയിൽ വച്ചു വലതു കൈകൊണ്ടു കൂട്ടത്തിൽ നിന്നും പാകത്തിനും വലിപ്പത്തിലും ഉള്ള വെറ്റില പെറുക്കി അടക്കുന്നു അതെല്ലാം ഒരു വാഴയില വിരിച്ച വലിയ വിസ്താരമുള്ള മുള അളി കൊണ്ട് നെയ്യ്ത കുട്ടയിൽ അടുക്കി വക്കുന്നു. കൂട്ടത്തിൽ വലിയ ലോകകാര്യങ്ങളും വാക്ക് തർക്കങ്ങളും സമയം കൊല്ലുന്നു. മുറ്റം നിറയെ ചാണകം മെഴുകി ചെറിയ തിണ്ട് പോലെ മണ്ണ് കൊണ്ട് പിടിച്ചിരിക്കുന്നു അതിലും ചാണകം മെഴുകീട്ടുണ്ട്, ഇവിടെ ഒരു വശത്ത് നാളികേരം വെട്ടി ഉണങ്ങാൻ നിരത്തിയിരിക്കുന്നു. മറു വശത്ത് നിറയെ നെല്ല് പുഴുങ്ങി പരത്തിയിരിക്കുന്നു കോഴികൾ അടുത്ത് വന്നപ്പോൾ ഒച്ച എടുത്തു കോഴികളെ ഓടിക്കുന്നു
അമ്മായിയുടെ വിളി മോനെ, പപ്പാ ആ കറുത്ത വലിയ ചാത്തനെ പിടിക്കെടാ ....!
പിന്നെ ഞങ്ങളെല്ലാവരും കോഴിയുടെ പുറകെ, കോഴിയാണെങ്കിൽ പറന്നും ഒളിച്ചും
ജീവനും കൊണ്ടുള്ള ഓട്ടം, ഞങ്ങളാണെങ്കിൽ ഇവനെ പിടിച്ചു കൂട്ടാൻ വച്ചു അത് കഴിച്ചെ അടങ്ങു എന്ന വാശിയിലും. അവസാനം കോഴി കിതച്ചു അടങ്ങി, അവശനായി ഒളിക്കുന്നു. അപ്പോൾ പപ്പനാവാൻ ചേട്ടന്റെ ഊഴം,പിടിച്ചു കഴുത്തു പിരിച്ചു പൂവന്റെ ജീവനെടുക്കുന്നു
(കോഴിയെ ഓടിച്ചിട്ടു പിടിക്കുമ്പോൾ അതിന്റെ രക്തം സിരകളിൽ ഓടി തിളക്കുന്നത് കൊണ്ടാകും അന്നത്തെ ഇറച്ചിക്ക് ഇത്ര സ്വാദ് തോന്നിയിരുന്നത് ).
വെറ്റില കൂട്ടം മൂവന്തി വരെ തുടരുന്നു ഏഴര വെളുപ്പിന് ചൂട്ടു കത്തിച്ചു അഞ്ചും ആറും ചുമട്ടുകാർ ഈ കുട്ടകൾ തലയിൽ ചുമന്നു രണ്ടു കിലോമീറ്റർ ദൂരെയുള്ള റോഡിൽ എത്തിക്കുന്നു. അവിടെ നിന്ന് കാള വണ്ടിയിൽ ചന്തയിൽ കൊണ്ടുപോകുന്നു. തിരികെ അന്തിയോടെ വല്യമ്മാൻ തിരിച്ചു ചന്തയിൽ നിന്ന് വരുന്നു. മഞ്ഞ സഞ്ചി നിറയെ മുറുക്കും
കൊണ്ടാട്ടവും പപ്പടവും, കൂട്ടത്തിൽ കുറെ എണ്ണയും കുഴമ്പും, സ്വകാര്യമായി ഇതിനിടെ ഒരു പൊതി എനിക്കും, അതിൽ കുറച്ചു മധുര പലഹാരമായിരിക്കും. അന്ന് ആരും ചെരുപ്പ് പോലും ഉപയോഗിച്ചിരുന്നില്ല. മൊത്തം ചെമ്മന്ന് മൂടിയ കാലുകളായിരുന്നു, വീട്ടിൽ കയറുന്നതിനു മുൻപ് ഉമ്മറത്തെ ചവിട്ടു പടിയിൽ വച്ചിട്ടുള്ള വെള്ളം കിണ്ടിയിൽ നിന്നും കാലിൽ ഒഴിച്ചു കഴുകിയീട്ടെ ഇറയത്തെക്കു കയറുകയുള്ളൂ.