ഒരു ഓണം കൂടി-
ഇന്നെന്റെ മുറ്റത്തോരോണമെത്തി,
പൂവിളിയാർപ്പുമായി തുമ്പികളും,
പാലുറച്ചാടുന്ന നെൽക്കതിരും,
സ്വർണ്ണ വർണ്ണാഭയണിഞ്ഞു നിന്നു.
നന്തുണി പാട്ടിന്റെ നേർത്ത നാദം,
കാവിന്റെ ലതകളിൽ തങ്ങി നിന്നു,
കസ്തുരി മഞ്ഞളിൻ പൊന്നൊളിയും,
മണ്‍തരി കെട്ടി പുണർന്നലിഞ്ഞു.
പുത്തരി നേദിച്ചു വണങ്ങി വന്നു,
ആനയൂട്ടാദി കർമ്മങ്ങളും.
നാലംബലങ്ങളിൽ ദർശനവും,
നാനാനം കുറിച്ചു കഴിച്ചു തീർത്തു.
ഇന്നെന്റെ മുറ്റത്തോരോണമെത്തി,
പൂവിളിയാർപ്പുമായി തുമ്പികളും.
പാടവരമ്പിലെ ഓരങ്ങളിൽ,
മുക്കുറ്റി പൂവുകൾ കണ്ണുയുയർത്തി.
ചിങ്ങ നിലാവിലെ തൂവെളിച്ചം,
കണ്ടൊന്നു നാണിച്ചു തുമ്പ നിന്നു.
അത്തം പിറന്നൊരു നാളു തൊട്ടേ,
പൂവിളി കാതിലലയടിപ്പു.
ഇന്നെന്റെ മുറ്റത്തോരോണമെത്തി,
ചിങ്ങ ചിറകടി മാറ്റൊലിയായി.
മത്സര പൂക്കളം മുറ്റമാകെ,
മനസ്സിലെ ആമോദം ദേശമാകെ.
--------ഓ.പീ ----------------